Connect with us

Gulf

നാടുകടത്തപ്പെടുന്നവര്‍ക്ക് ആജീവനാന്ത ജി സി സി വിലക്ക്

Published

|

Last Updated

മസ്‌കത്ത്: ഏതെങ്കിലും ഒരു ജി സി സി രാജ്യത്ത് നിന്ന് നാടുകടത്തല്‍ ശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ജി സിസി രാജ്യങ്ങളിലെത്തുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവരാന്‍ ജി സി സി ഉന്നതസമിതി ആലോചിക്കുകയാണ്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജി ഡി ആര്‍ എഫ് എ)യാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറപ്പെടുവിച്ചത്. ജി സി സി ഔദ്യോഗിക വക്താക്കളും ഇതേകുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ജി സി സി സുരക്ഷാ ഉടമ്പടിയുടെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.

ഒരു ജി സി സി രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും മറ്റുമായി നാടുകടത്തല്‍ ശിക്ഷക്ക് വിധേയമായവര്‍ മറ്റ് ജി സി സി രാജ്യങ്ങളിലേക്ക് കടക്കുന്നത് വ്യാപകമായതോടെയാണ് പുതിയ നിയമം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. നാടുകടത്തപ്പെടുന്ന വിദേശി പൗരന്മാരുടെ വിരലടയാള റിപ്പോര്‍ട്ട് എല്ലാ ജി സി സി രാജ്യങ്ങള്‍ക്കും നല്‍കാനും ഇതുവഴി ഇത്തരത്തിലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനും സാധിക്കുമെന്നാണ് ജി സി സി നേതൃത്വം കരുതുന്നത്.
ലഹരി, മയക്കുമരുന്ന് ഉത്പന്നങ്ങളുടെ കടത്തുമായി ബന്ധപ്പെട്ടാണ് ജി സി സിയില്‍ കൂടുതലാളുകളും നാടുകടത്തലിന് വിധേയമാകുന്നവര്‍. ഇങ്ങനെയുള്ള ശിക്ഷക്ക് വിധിക്കുന്നവര്‍ മറ്റ് ജി സി സി രാജ്യങ്ങളിലെത്തുകയും അവിടെയും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ജി സി സി സുരക്ഷാ വിഭാഗം മേധാവികള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാനില്‍ നിന്ന് ഒരിക്കല്‍ നാടുകടത്തപ്പെടുന്നവര്‍ യു എ ഇ വഴിയും മറ്റും വീണ്ടും അനധികൃതമായി രാജ്യത്തേക്കെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യു എ ഇയില്‍ നിന്ന് നാടുകടത്തിയയാളെ സഊദിയില്‍വെച്ചും പിടികൂടിയതായി അടുത്തിടെ സഊദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജി സി സി മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലുള്ള നിയമങ്ങളും അനിവാര്യമാണെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്. ജി സി സി രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മയക്കുമരുന്ന് കടത്ത് തടയാന്‍ പുതിയ നിയമം സഹായിക്കുമെന്നും ഫലത്തില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇല്ലാതാകുമെന്നും ജി സി സി ക്രിമിനല്‍ വിഭാഗം വക്താവ് ഒ വി മുസ്തഫ സഫീര്‍ പറഞ്ഞു.
ദോഹാ സമ്മിറ്റിന് മുമ്പ് തന്നെ ഈ വിഷയത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നും നിയമം പരിഷ്‌കരിക്കുമെന്നുമാണ് ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. എല്ലാ രാജ്യങ്ങളും ഇതിനെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഒരു രാജ്യത്ത് നിന്ന് വിസാ വിലക്ക് നേരിടേണ്ടിവന്നവര്‍ക്കും ഇത്തരത്തില്‍ എല്ലാ രാജ്യത്തും വിലക്കേര്‍പ്പെടുത്താനുള്ള ചര്‍ച്ചയും സജീവമായി നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. പക്ഷേ നിയമം ഉടനുണ്ടാകില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ നാടുകടത്തുന്നവരെ ബഹിഷ്‌കരിക്കാനുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും രണ്ടാംഘട്ടത്തില്‍ മറ്റ് നിയമ വ്യവസ്ഥകളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നുമാണ് ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Latest