Connect with us

Kerala

ഖാദിസിയ്യ സമ്മേളനത്തിന് പ്രോജ്ജല സമാപനം

Published

|

Last Updated

കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 20- ാം വാര്‍ഷിക സമ്മേളത്തിന് പ്രോജ്ജല സമാപനം. വിവിധ ജില്ലകളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങള്‍ ഖാദിസിയ്യ നഗരിയെ ശുഭ്രസാഗരമാക്കി. വൈകീട്ട് നാലിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമാപന മഹാസമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മതപഠനം കാലഘട്ടത്തത്തിന്റെ ആവശ്യമാണെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശാന്തിയും സമാധാനവും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നവകാലത്ത് മതരംഗത്ത് ആഴത്തിലുള്ള പഠനങ്ങള്‍ അനിവാര്യമാണെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ പറഞ്ഞു. ഇസ്‌ലാം സമ്പൂര്‍ണതയുടെ മതമായതിനാലാണ് ആധുനിക ശാസ്ത്ര സംവിധാനങ്ങളില്‍ സ്ഥിര നിലപാട് കൈകൊള്ളാന്‍ സാധിക്കുന്നത്. പ്രവാചകചര്യയില്‍ നിന്ന് വ്യതിചലിക്കുന്നതാണ് തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതെന്നും പൊന്മള പറഞ്ഞു. ഖാദിസിയ്യ പ്രസിഡന്റ് പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതം പറഞ്ഞു. സമ്മേളനത്തിലെ വിശിഷ്ടാതിഥിയായ സയ്യിദ് അല്‍ഹബീബ് അലവി അല്‍ ഹദ്ദാദ് സനദ്ദാനം നിര്‍വ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മന്‍സൂര്‍ ഹാജി ചെന്നൈ, അബ്ദുല്‍ ഖരീം ഹാജി ചാലിയം, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഡോ. ഫാറൂഖ് നഈമി, കുറ്റൂര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയാ തങ്ങള്‍ പ്രാര്‍ഥന നടത്തി. മതപഠനം പൂര്‍ത്തിയാക്കിയ 37 വിദ്യാര്‍ഥികള്‍ക്ക് ജൗഹരി ബിരുദവും ഖുര്‍ആന്‍ മന:പാഠമാക്കിയ നാല് വിദ്യാര്‍ഥിനികളടക്കം 24 പേര്‍ക്ക് സര്‍ട്ടിഫിക്കേറ്റും സമ്മേളനത്തില്‍ വിതരണം ചെയ്തു.

Latest