Connect with us

Kerala

വിവിധ കൊലക്കേസുകളില്‍ പ്രതികളായ എട്ട് അംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

Published

|

Last Updated

മണ്ണഞ്ചേരി: രണ്ട് കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കൊലക്കേസുകളില്‍ പ്രതിയായ നന്ദു ഉള്‍പ്പെടെയുള്ള എട്ട് പേരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്യാട് പഞ്ചായത്ത് രാമവര്‍മ്മ ജംഗ്ഷന് സമീപം പുതുവല്‍വെളി വീട്ടില്‍ നന്ദു (19), ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര വാര്‍ഡില്‍ ഹരിവൃന്ദം വീട്ടില്‍ പുന്നമട ഹരി എന്നു വിളിക്കുന്ന ഹരികൃഷ്ണന്‍ (20), ആര്യാട് 11ാം വാര്‍ഡില്‍ വെള്ളാപ്പാടി കോളനിയില്‍ പുതുവല്‍വെളി വീട്ടില്‍ സാജന്‍ (24), ആര്യാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വെള്ളാപ്പാടി കോളനിയില്‍ ജിനീഷ് (24), അരൂക്കുറ്റി പഞ്ചായത്ത് നാലാം വാര്‍ഡില്‍ വാടേപറമ്പില്‍ വീട്ടില്‍നിന്ന് മണ്ണഞ്ചേരി പഞ്ചായത്ത് 15 ാം വാര്‍ഡില്‍ ആര്യാട് നോര്‍ത്ത് കോളനിയില്‍ ജോബി (28), മണ്ണഞ്ചേരി പഞ്ചായത്ത് 15 ാം വാര്‍ഡില്‍ ഋഷഭം വീട്ടില്‍ പീറ്റര്‍ സുരേഷ് എന്നുവിളിക്കുന്ന സുരേഷ് (33), പുന്നപ്ര വടക്ക് പഞ്ചായത്ത് 14 ാം വാര്‍ഡില്‍ ആപ്പൂര് വെളിയില്‍ അനീഷ് (35), മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20 ാം വാര്‍ഡില്‍ എസ് എസ് ഭവന്‍ വീട്ടില്‍ അനി എന്നു വിളിക്കുന്ന സുഭാഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നന്ദു എന്നയാള്‍ ജയേഷ്, ഋഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ജയേഷിനെ കൊലപ്പെടുത്താന്‍ സഹായിയായിരുന്നു സാജന്‍. 2013 ലുണ്ടായ വധശ്രമകേസിലും ആലപ്പുഴ നോര്‍ത്തില്‍ ഭവനഭേദന കേസിലും പ്രതിയാണ് പുന്നമട ഹരി. ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ നിരവധി അടിപിടികേസുകളിലെ പ്രതിയാണ് ജിനീഷ്. നിരവധി ക്രിമിനല്‍ കേസിലെ പ്രതി കില്ലര്‍ സുരേഷ് എന്ന് വിളിക്കുന്ന തിരുവന്തപുരം സ്വദേശി സുരേഷിനെ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ജോബി, സുരേഷ് , അനീഷ്, സുഭാഷ് എന്നിവര്‍.
കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് രാത്രി 10 മണിയോടെ കലവൂരിലെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ പ്രതികള്‍ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് കില്ലര്‍ സുരേഷിനെ കലവൂരിലേക്ക് വിളിച്ചു വരുത്തുകയും വെട്ടിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ സുരേഷ് മറച്ചു വെച്ചെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചേര്‍ത്തല ഡി വൈ എസ് പി കെ ജി ബാബുകുമാര്‍, മാരാരിക്കുളം സി ഐ കെ എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണഞ്ചേരി എസ് ഐ വി ആര്‍ ജഗദീഷ്, അഡീഷണല്‍ എസ് ഐമാരായ ഔസേപ്പച്ചന്‍, ജോര്‍ജ്, എ എസ് ഐ ബൈജു, സി പി ഒമാരായ സജു സത്യന്‍, അബിന്‍കുമാര്‍, മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest