Connect with us

Gulf

ഭീകര സംഘടനകളുടെ ലിസ്റ്റ് യു എ ഇ പുറത്തുവിട്ടു

Published

|

Last Updated

അബൂദബി: ബ്രദര്‍ഹുഡും ഇസിലും യു എ ഇയുടെ തീവ്രവാദ പട്ടികയില്‍. ഇറാഖ്, സിറിയ, ലിബിയ, തുണീഷ്യ, മാലി, പാക്കിസ്ഥാന്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ 83 തീവ്രവാദ സംഘടനകളുടെ പേരാണ് യു എ ഇ ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ ഉള്ളത്. 83 തീവ്ര സംഘടനകളുടെയും പേര് കാബിനറ്റില്‍ അവതരിപ്പിക്കുകയും ഇതിന് കാബിനറ്റ് അംഗീകാരം നല്‍കുകയുമായിരുന്നു. ഈ സംഘടനകളെ കുറിച്ച് ബോധവാന്മായിരിക്കാന്‍ പൗരന്‍മാരെ ഓര്‍മിപ്പിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം.
അല്‍ഖാഇദ, ഇസില്‍, മുസ്‌ലിം ബ്രദര്‍ഹുഡ്, യമനിലെ ഹൂത്തി വിമതര്‍, യു എ ഇ മുസ്‌ലിം ബ്രദര്‍ഹുഡ്, അല്‍ ഇസ്‌ലാഹ്, ലബനാനിലെ ഫത്താഹുല്‍ ഇസ്‌ലാം, ഉസ്ബതുല്‍ അന്‍സാര്‍, ദി മുസ്‌ലിം അസോസിയേഷന്‍ ഓഫ് സ്വീഡന്‍, അറേബ്യന്‍ ഉപദ്വീപിലെ ഹിസ്ബുല്‍ ഉമ്മ, ലിബിയയിലെ അന്‍സാര്‍ അല്‍ ശരീഅ, നോര്‍വെയിലെ ഐ ആര്‍ എന്‍, തുണീഷ്യയിലെ അന്‍സാര്‍ അല്‍ ശരീഅ, സോമാലിയയിലെ ഹര്‍ക്കത്തുല്‍ ശബാബ് അല്‍ മുജാഹിദീന്‍, സഊദിയിലെ അല്‍ ഖാഇദ, നൈജീരിയയിലെ ബോകോ ഹറാം, ഗ്ലോബല്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമിക് റിലീഫ് വേള്‍ഡ്‌വൈഡ്, യമനിലെ ജമാഅത്തുല്‍ അന്‍സാര്‍ അല്‍ ശരീഅ, താലിബാനിലെ തഹ്‌രീകെ താലിബാന്‍, പാക്കിസ്ഥാനിലെ ഹഖാനി നെറ്റ് വര്‍ക്ക്, സിറിയയിലെ അല്‍ തൗഹീദ് ബ്രിഗേഡ്, ലശ്കറെ ത്വയ്യിബ, ജെയ്‌ഷേ മുഹമ്മദ് തുടങ്ങിയവയെയും തീവ്രവാദ പട്ടികയില്‍ വരുന്നു.
നേരത്തെ ബ്രദര്‍ഹുഡിനെ നിരോധിച്ചുകൊണ്ട് ഈജിപ്തും രംഗത്തെത്തിയിരുന്നു. രാജ്യത്ത് കലാപത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രദര്‍ഹുഡ് നേതൃത്വം നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈജിപ്തിന്റെ ഈ നടപടി.