Connect with us

Wayanad

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ 2500 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: വാകേരി സി സി മഞ്ഞളംകൈതയില്‍ കളിസ്ഥലത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയ ശവക്കല്ലറക്ക് 2500 വര്‍ഷത്തെ പഴക്കമുള്ളതായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ട്. കളിസ്ഥലത്തിന് മണ്ണെടുക്കുമ്പോഴാണ് ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ച കല്ലറ കണ്ടെത്തിയത്. ബത്തേരി തഹസില്‍ദാര്‍ എന്‍ കെ അബ്രഹാമിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബുവാണ് പുരാവസ്തു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കല്‍പ്പറ്റയിലെ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥയോട് സ്ഥലം സന്ദര്‍ശിച്ച് ഇതിനെ പറ്റി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടതായി തഹസില്‍ദാര്‍ പറഞ്ഞു.
ഇന്ന് രാവിലെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥ സ്ഥലം സന്ദര്‍ശിക്കും. അധ്യാനീനപ്പെട്ടവര്‍ക്ക് നല്‍കിയ ഭൂമി പതിച്ച് നല്‍കിയ സ്ഥലത്തിന്റെ ഭാഗമായിരുന്നു ഇവിടം. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കളിസ്ഥലമായി ഉപയോഗിച്ചിരുന്ന സ്ഥലം അതിന് വേണ്ടി തന്നെ നല്‍കുകയായിരുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളിസ്ഥലത്തിന്റെ പ്രവൃത്തി നടത്തിവരികയായിരുന്നു. മണ്ണ് നീക്കം ചെയ്യുമ്പോള്‍ സാധാരണകാറാണുള്ള കല്ലാണെന്ന് കരുതി കുറച്ചുഭാഗം തൊഴിലാളികള്‍ തല്ലിപ്പൊളിച്ചിരുന്നു. ഒരാളുടെ ശവം അടക്കം ചെയ്യാനുള്ള രീതിയിലാണ് കല്ലറ ഒരുക്കിയിട്ടുത്. രണ്ട് മീറ്റര്‍ നീളവും, 90 സെന്റീമീറ്റര്‍ വീതിയും, ഒരു മീറ്റര്‍ ആഴവുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനടിയിലേക്ക് വേറെ ശിലാപാളികളുണ്ടോയെന്ന് വരുംദിവസങ്ങളില്‍ പരിശോധിക്കും. കളിസ്ഥലത്തിന്റെ നിര്‍മ്മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ട്.
പുരാവസ്തു വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി നടപടികള്‍ തീരുമാനിക്കുന്നത്. ഇന്നലെ വൈകുന്നേരം തഹസില്‍ദാരും സ്ഥലം സന്ദര്‍ശിച്ചു. മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ അദ്ദേഹം ഉത്തരവ് നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.