മര്‍കസ് സമ്മേളനം സന്ദേശയാത്ര 28ന് ആരംഭിക്കും

Posted on: November 16, 2014 5:46 am | Last updated: November 15, 2014 at 11:48 pm

markazകോഴിക്കോട്: ‘രാജ്യത്തോടൊപ്പം, ജനങ്ങള്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 18ന് ആരംഭിക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനതല സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.ഈ മാസം 28ന് രാവിലെ ഒമ്പത് മണിക്ക് ഉള്ളാള്‍ സയ്യിദ് മദനി മഖാം ശരീഫ് സിയാറത്തോടെ സന്ദേശയാത്രക്ക് തുടക്കമാവും. അലി ബാഫഖി തങ്ങള്‍, മുഹമ്മദ് തുറാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഇതേ ദിവസം തന്നെ തിരുവനന്തപുരം ബീമാപള്ളി മഖാം ശരീഫ് സിയാറത്തോടെ ആരംഭിക്കുന്ന സന്ദേശയാത്രയെ വൈലത്തൂര്‍ യൂസുഫ് ബുഖാരി തങ്ങള്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ നയിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശ യാത്ര ഡിസംബര്‍ നാലിന് പാലക്കാട് സമാപിക്കും. കേരളത്തിന്റെ രണ്ടറ്റത്ത് നിന്നാരംഭിക്കുന്ന യാത്രയില്‍ വിവിധ ജില്ലാ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ പണ്ഡിതരും വാഗ്മികളും പങ്കെടുക്കും.
മര്‍കസിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും യാത്രയിലുടനീളം സംഘടിപ്പിക്കും. നേതാക്കളെ സ്വീകരിക്കുന്നതിനായി ഉള്ളാള്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സുന്നി സംഘ കുടുംബ പ്രവര്‍ത്തകര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 28ന് ഉള്ളാളില്‍ നിന്നാരംഭിക്കുന്ന യാത്ര 29ന് കണ്ണൂര്‍ ജില്ല, 30, ഡിസംബര്‍1 തിയതികളില്‍ കോഴിക്കോട്, 2ന് വയനാട്, നീലഗിരി, 3ന് മലപ്പുറം എന്നിവിടങ്ങളിലൂടെ ഡിസംബര്‍ 4ന് പാലക്കാട്ടെത്തും. തിരുവന്തപുരം ഭീമാപള്ളിയില്‍ നിന്നാരംഭിക്കുന്ന സന്ദേശയാത്ര 29ന് കൊല്ലം, 30ന് ആലപ്പുഴ, ഡിസംബര്‍ 1ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി 2ന് എറണാകുളം, 3ന് തൃശൂര്‍ എന്നിവിടങ്ങളിലൂടെ നാലിന് പാലക്കാട് സംഗമിക്കും.
ജില്ലാ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ ഓരോ ജില്ലയിലേയും മുഴുവന്‍ സുന്നി സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഡിസംബര്‍ 4ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ALSO READ  വൈജ്ഞാനിക വിപ്ലവത്തിന്റെ നേർസാക്ഷ്യം