Connect with us

Kerala

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി കുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ ഹരജി നല്‍കി. തുലാവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് 141.2 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ഹരജി.

വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് താഴെ നിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നേരത്തെ മേല്‍നോട്ട സമിതി തള്ളിയിരുന്നു. അടിയന്തര യോഗം വിളിക്കില്ലെന്നും ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടില്ലെന്നുമാണ് സമിതി അന്ന് നിലപാടെടുത്തത്. ജലനിരപ്പ് 140 അടിയായതിന് ശേഷം മുന്നറിയിപ്പ് നല്‍കാമെന്നാണ് സമിതി അധ്യക്ഷന്‍ എല്‍ എ വി നാഥന്‍ വ്യക്തമാക്കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്ത് തമിഴ്‌നാട് അവഗണിച്ചിരുന്നു. ഇതിനു പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് അളക്കാന്‍ സ്ഥാപിച്ചിരുന്ന സ്‌കെയില്‍ തമിഴ്‌നാട് നീക്കുകയും ചെയ്തു. നാല് ജില്ലകളിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. അധിക ജലം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ജലനിരപ്പ് ആശങ്കാജനകമായ നിലയില്‍ ഉയര്‍ന്നത്.

---- facebook comment plugin here -----

Latest