ബി സി സി ഐ യോഗം ചൊവ്വാഴ്ച

Posted on: November 15, 2014 3:11 pm | Last updated: November 16, 2014 at 12:18 am

bcciന്യൂഡല്‍ഹി: ബി സി സി ഐ പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച ചെന്നൈയില്‍ ചേരും. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിലെ പേരുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍, അദ്ദേഹത്തിന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ രാജ് കുന്ദ്ര ഉള്‍പ്പെടെ ഏഴ് പേരുകളാണ് പുറത്തുവിട്ടത്. ഐ പി എല്‍. സി ഇ ഒ സുന്ദര്‍ രാമന്റെ പേരും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് കളിക്കാരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കളിക്കാരുടെ പേര് അറിയാതെ പുറത്തുവിടുകയായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദമായ കേസില്‍ കളിക്കാരുടെ പേരുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 24ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.