ഈ കുരുന്നുകള്‍ക്കിനി കേരളത്തില്‍ നിന്ന് വിദ്യ നുകരാം

Posted on: November 15, 2014 5:35 am | Last updated: November 15, 2014 at 10:36 am

തിരൂരങ്ങാടി: ജോലി തേടിയും മറ്റും കേരളത്തിലെത്തിയ അന്യസംസ്ഥാനക്കാരായ ആളുകളുടെ മക്കള്‍ക്ക് ഇനി കേരളത്തിലെ കുട്ടികള്‍ക്കൊപ്പം വിദ്യാലയമുറ്റത്ത് ഓടിക്കളിക്കാം. അവരുടെ കൂടെ ഇരുന്ന് വിദ്യ നുകരാം.
അന്യസംസ്ഥാനക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പഠിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കഴിഞ്ഞു . ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്നലെ കക്കാട് ജി എം യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിച്ചു. ജില്ലയില്‍ അന്യസംസ്ഥാനക്കാരയ 213 കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 180 കുട്ടികളെയാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ചേര്‍ത്തിട്ടുള്ളത്.
ആസാം സ്വദേശിയായ ജാക്കിര്‍ ഹുസൈന്‍, പശ്ചിമബംഗാള്‍ സ്വദേശികളായ മൗമിത കാത്തൂര്‍, ശൈഖ് ഇസ്മാഈല്‍, കര്‍ണാടക സ്വദേശിയായ റൂബി ജേക്കബ് എന്നിവരടങ്ങുന്ന കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പരിപാടിയില്‍ ഇവരെ സ്റ്റേജിലിരുത്തി ഇവര്‍ക്ക് ബാഗും പഠനോപകരണങ്ങളും നല്‍കിയപ്പോള്‍ വേറിട്ടൊരനുഭവമായി.