Connect with us

Ongoing News

സംസ്ഥാന കായിക മേളക്ക് ബാക്കിയുള്ളത് അഞ്ച് ദിവസം

Published

|

Last Updated

തേഞ്ഞിപ്പലം: സംസ്ഥാന കായിക മേളക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കെ റവന്യു ജില്ലാ കായിക മേളയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. ഈ മാസം 20ന് തിരുവനന്തപുരത്താണ് സംസ്ഥാന മേള തുടങ്ങുന്നത്. ജില്ലാ മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നൂറ് കണക്കിന് കുട്ടികളുടെ അവസരങ്ങളാണ് പ്രതിഷേധക്കാറ്റില്‍ ഇല്ലാതെയാവുക. മത്സരം നടന്നില്ലെങ്കില്‍ മികച്ച താരങ്ങളുളള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാനാകില്ല. നിലവിലെ ഉത്തരവ് റദ്ദാക്കുന്നത് വരെ കായികമേള നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സമരക്കാരുള്ളത്. ഡി ഡി ഇയുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും കായികമേളയുടെ തിയതി തീരുമാനിച്ചിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഇനി ജില്ലാ കായികമേള നടത്തില്ല എന്ന നിലപാടിലാണ് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ടി കെ ജയന്തി. സമരം നടത്തിയ കായിക വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയെടുത്ത തീരുമാനമായതിനാല്‍ തനിക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നതിനനുസരിച്ചു മാത്രമേ തീരുമാനമെടുക്കാനാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രണ്ട്് ഉത്തരവുകളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാര്‍. ജില്ലാ കായിക മേള രണ്ടാം തവണയും സമരം മൂലം നിര്‍ത്തേണ്ടി വന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഇന്നലെയും നിരാശയോടെ മടങ്ങേണ്ടി വന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് 150ഉം 200ഉം രൂപ വരെ ചെലവഴിച്ചാണ് വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയിലെത്തുന്നത്.

Latest