എക്‌സൈസ് റെയ്ഡ്: ചാരായവും വിദേശ മദ്യവും പിടികൂടി

Posted on: November 15, 2014 9:10 am | Last updated: November 15, 2014 at 9:10 am

അഗളി: ഏണിക്കല്ല് മേഖലയില്‍ ചാരായം വാറ്റുന്നുണ്ടെന്ന പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്ന് അഗളി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി അനൂപും സംഘവും നടത്തിയ പരിശോധനയില്‍ 15 ലിറ്റര്‍ ചാരായവും വാഹനപരിശോധനയില്‍ പതിനൊന്നര ലിറ്റര്‍ വിദേശമദ്യവും പിടികൂടി. സഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു.
ചാരായം വാറ്റി ട്യൂബില്‍ നിറച്ച് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് പുഴയോരത്തുമറഞ്ഞുനിന്ന എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. ചാളയൂര്‍ സ്വദേശികളായ ജോസ് എന്നു വിളിക്കുന്ന മുരുകന്‍ (24), നഞ്ചപ്പന്‍ (24) എന്നിവരെയാണ് സാഹസികമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂട്ടത്തിലുള്ള മറ്റു രണ്ടുപേരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് മണ്ണാര്‍ക്കാടുനിന്നും അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന 11.5 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. സംഭവത്തില്‍ പ്ലാമരം സ്വദേശി രാമസ്വാമി ചെട്ടിയാര്‍, മാമണ സ്വദേശി ജസ്റ്റിന്‍, ജെല്ലിപ്പാറ സ്വദേശി ഐജു എന്നിവരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനൂപ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി എസ് രാധാകൃഷ്ണന്‍, പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ലോതര്‍ പെരേര, പ്രിവന്റീവ് ഓഫീസര്‍ സി ജയചന്ദ്രന്‍, ഡി ഇ ഒമാരായ സി മോഹനന്‍, എ കെ അരുണ്‍കുമാര്‍, ആര്‍ സന്തോഷ്, എ മധു, യു നാസര്‍ എന്നിവര്‍ പങ്കെടുത്തു.