Connect with us

Malappuram

സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് സഭക്ക് തുടക്കമായി

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭയില്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡ്‌സഭ ആരംഭിച്ചു. നഗരസഭ തിരഞ്ഞെടുത്ത ആറ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളിലെ ശുചിത്വ വാര്‍ഡ് സഭകള്‍ക്കാണ് തുടക്കമായത്. 32, 34 വാര്‍ഡുകളില്‍ ശുചിത്വ വാര്‍ഡുകളില്‍ ശുചിത്വ വാര്‍ഡ്‌സഭ ചേര്‍ന്നുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
മണ്ടോടി സ്‌കൂളില്‍ ചേര്‍ന്ന വാര്‍ഡ്‌സഭയില്‍ മാലിന്യം വലിച്ചെറിയാത്ത സമ്പൂര്‍ണ ശുചിത്വ പ്രദേശമായി മാതൃക സൃഷ്ടിക്കുന്നതിന് ഐക്യകണ്‌ഠേന തീരുമാനിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളും മാലിന്യം പുറത്തേക്ക് വലിച്ചെറിയാതെ പദ്ധതിയില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും ഒരു മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ അംഗമാകണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തില്‍ രണ്ട് തവണയും ഇലക്ട്രിക് വേസ്റ്റുകള്‍ അഞ്ച് മാസത്തിലൊരിക്കലും നഗരസഭ വാട്ട്‌സണ്‍ പാര്‍ക്ക് വഴി നല്‍കാവുന്നതാണ്. ഈ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങളിലേക്ക് വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരെയും അണി ചേര്‍ക്കാന്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതിക്കാണ് വാര്‍ഡ്‌സഭ രൂപം നല്‍കിയത്. 30 അംഗ വാര്‍ഡ് ശുചിത്വ കൗണ്‍സിലും 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് വീതം എട്ട് സ്‌ക്വാഡുകളും രൂപവത്കരിച്ചു. സ്‌ക്വാഡുകള്‍ എല്ലാ വീടുകളിലും നിലവിലുള്ള സംസ്‌കരണ രീതി, പുതിയ രീതി അവലംബിക്കന്നതിനായുള്ള പ്രേരണ എന്നിവ സംബന്ധിച്ച് പഠനം നടത്തും. ജനുവരി ഒന്ന് ആകുമ്പോഴേക്കും സമ്പൂര്‍ണ ശുചിത്വ വാര്‍ഡാക്കി മാറ്റാനുള്ള പ്രവര്‍ത്തന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ശുചിത്വ വാര്‍ഡ്‌സഭയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് നിര്‍വഹിച്ചു. ശുചിത്വ കര്‍മ പദ്ധതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം അവതരിപ്പിച്ചു. എം കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എം അനിത സ്വാഗതവും കെ ജി മോഹനന്‍ നന്ദിയും പറഞ്ഞു. മറ്റു ശുചിത്വ വാര്‍ഡുകളായ 11, 27 വാര്‍ഡ്‌സഭകള്‍ ഇന്നും 31, 12 വാര്‍ഡ്‌സഭകള്‍ ഈ മാസം 17നും ചേരുമെന്ന് നിഷി അനില്‍രാജ് അറിയിച്ചു.

Latest