Connect with us

Wayanad

നീലഗിരിയില്‍ കനത്ത മഴ തുടരുന്നു: അഞ്ച് വീടുകള്‍ തകര്‍ന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ കനത്ത മഴ തുടരുന്നു. അഞ്ച് വീടുകള്‍ തകര്‍ന്നു. കുന്നൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് ഒരു വീടും, ഭാരതിനഗറില്‍ മൂന്ന് വീടും, അറുവങ്കാടില്‍ ഒരു വീടുമാണ് തകര്‍ന്നത്. ഊട്ടി, കുന്നൂര്‍, കോത്തഗിരി, മഞ്ചൂര്‍ താലൂക്കുകളിലാണ് ശക്തമായ മഴ പെയ്യുന്നത്. കാറ്റോടുകൂടിയ മഴയാണ് പെയ്യുന്നത്. കൃഷിയിടങ്ങളില്‍ വെള്ളം കയറി വന്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഊട്ടി മാര്‍ക്കറ്റില്‍ വെള്ളം കയറി. ശക്തമായ മഴകാരണം കുന്നൂര്‍, കോത്തഗിരി, ഊട്ടി താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി നല്‍കിയിരുന്നു. ഊട്ടി-മേട്ടുപാളയം റെയില്‍പാതയിലെ കാട്ടേരി, ആടര്‍ലി, അറുവങ്കാട് എന്നിവിടങ്ങളില്‍ റെയില്‍പാളയത്തിലേക്ക് മരംവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മഴകാരണം മൂന്ന് ദിവസത്തേക്ക് ഊട്ടി-മേട്ടുപാളയം ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. ഊട്ടി-കുന്നൂര്‍ പാതയിലും, ഊട്ടി-മഞ്ചൂര്‍ പാതയിലും, കോത്തഗിരി-കുന്നൂര്‍ പാതയിലും, കോത്തഗിരി-മേട്ടുപാളയം പാതയിലും വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഊട്ടി, പാലട, കേത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിച്ചു. കൊല്ലത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന സഞ്ചാരികള്‍ ശക്തമായ മഴകാരണം മടങ്ങിപോയി. മഴയില്‍ നൂറുക്കണക്കിന് സഞ്ചാരികള്‍ ദുരിതത്തിലായി. തുടരെ പെയ്യുന്ന മഴ കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കുന്നൂര്‍ 84 മി.മീ, കേത്തി 65 മി.മീ, കോത്തഗിരി 82 മി.മീ, ഊട്ടി 60 മി.മീ, നടുവട്ടം 8.00 മി.മീ, എമറാള്‍ഡ് 85 മി.മീ, അവിലാഞ്ചി 95 മി.മീ, ദേവാല 42 മി.മീ എന്നിങ്ങനെയാണ് മഴ പെയ്തത്.

Latest