ശാരദ ചിട്ടിത്തട്ടിപ്പ്: കുനാല്‍ ഘോഷ് എം പി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: November 15, 2014 3:20 am | Last updated: November 14, 2014 at 11:21 pm

newPic_2583_jpg_1600219gകൊല്‍ക്കത്ത: ശാരദ ചിട്ടി ഫണ്ട് കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ കുനാല്‍ ഘോഷ് ജയിലില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനേയും ജയില്‍ ഡോക്ടറെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എസ് എസ് കെ എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുനാല്‍, അപകടനില പിന്നിട്ടിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ പ്രദീപ് മിത്ര അറിയിച്ചു.
കൃത്യവിലോപത്തിനാണ് ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടത്. കുനാല്‍ ഘോഷിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്യാനുറച്ച് 58 ഉറക്കഗുളികകള്‍ താന്‍ കഴിച്ചുവെന്ന് കുനാല്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ചിട്ടി കുംഭകോണത്തിലെ യഥാര്‍ഥ പ്രതികള്‍ക്കെതിരെ സി ബി ഐ നടപടി സ്വീകരിക്കാത്ത പക്ഷം താന്‍ ജീവനൊടുക്കുമെന്ന് നവംബര്‍ 10ന് സിറ്റി കോടതിയില്‍ കുനാല്‍ ഭീഷണി മുഴക്കിയിരുന്നു.
ആത്മഹത്യാ ഭീഷണി മുഴക്കിയതിനാല്‍ കുനാലിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു. ഉറങ്ങാന്‍ കിടക്കും മുമ്പ് അധികൃതര്‍ കുനാലിനെ പ്രത്യേക ദേഹപരിശോധനക്ക് വിധേയമാക്കിയിരുന്നതായും ജയിലധികൃതര്‍ അറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ 2.30ന് കുനാലിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ് എസ് കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് ആത്മഹത്യാ ശ്രമം പുറത്തറിഞ്ഞത്. ജയിലില്‍ കഴിയുന്ന കുനാലിന് ഇത്രയേറെ ഉറക്ക ഗുളികകള്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. സംഭവവുമായി ബന്ധപ്പെട്ട് സി ബി ഐ ജയില്‍ അധികൃതരോട് വിശദീകരണം തേടും. അതേസമയം, സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തി.