വ്യാജ മാര്‍ക്ക് ലിസ്റ്റ്: കേന്ദ്ര സഹമന്ത്രി വിവാദക്കുരുക്കില്‍

Posted on: November 15, 2014 1:19 am | Last updated: November 14, 2014 at 11:19 pm

ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ മാനവവിഭവ ശേഷി സഹമന്ത്രി രാം ശങ്കര്‍ കതേരിയയുടെ ഡിഗ്രി മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം നടത്തിയതായി വിവാദം. അദ്ദേഹം ഇത് ശക്തമായി നിഷേധിച്ചിട്ടുണ്ട്. കതേരിയ മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം നടത്തിയെന്ന് കാണിച്ച് 2010ല്‍ ബി എസ് പി സ്ഥാനാര്‍ഥി അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി ഈ കേസ് ആഗ്ര സെഷന്‍സ് കോടതിയുടെ പരിഗണനക്ക് വിട്ടു. ഇതില്‍ അടുത്ത 26ന് വാദം കേള്‍ക്കും.
ബി എസ് പി സര്‍ക്കാര്‍ യു പി ഭരിക്കുന്ന കാലത്ത് ദിവസവും തനിക്കെതിരെ നാല് കേസുകളെങ്കിലും കൊടുക്കാറുണ്ടായിരുന്നു. അവരുടെ കൈവശം യാതൊരു തെളിവുമില്ല. ബി എസ് പി അധികാരത്തിലിരിക്കുമ്പോള്‍ തന്നെ തനിക്കെതിരായ കുറ്റങ്ങളിലെല്ലാം വ്യക്തത വന്നതാണ്. ആരോപണങ്ങള്‍ നിഷേധിച്ച് കതേരിയ പറഞ്ഞു. വ്യാജ മാര്‍ക് ലിസ്റ്റ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വിധി തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും കതേരിയ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരാതി പ്രകാരം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളുടെ മാര്‍ക്കിലാണ് കൃത്രിമം കാണിച്ചത്.
കഴിഞ്ഞ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് തന്നെ ആഗ്രയില്‍ നിന്നുള്ള എം പിയായ കതേരിയക്കെതിരെ വധശ്രമം, വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നീ കേസുകള്‍ ഉണ്ടെന്ന് കാണിച്ച് ഒരു എന്‍ ജി ഒ രംഗത്തുവന്നിരുന്നു. വധശ്രമം അടക്കം 27 ക്രിമിനല്‍ കേസുകള്‍ തനിക്കെതിരെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കതേരിയക്ക് എതിരായ ആരോപണം നിഷേധിച്ചു. യു പിയിലെ ഓരോ ബി ജെ പി പ്രവര്‍ത്തകനുമെതിരെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ടെന്ന് ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.