Connect with us

National

ഡബ്ല്യു ടി ഒ കരാര്‍: മോദിക്ക് ഒബാമയുടെ പ്രശംസ

Published

|

Last Updated

വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: ലോക വ്യാപാര സംഘടനയുടെ വ്യാപാര സൗകര്യ കരാറു(ടി എഫ് എ)മായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ച നേതൃപാടവത്തിന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. ഈ വിഷയത്തില്‍ മോദിയുമായി ഒബാമ ദീര്‍ഘ ചര്‍ച്ച നടത്തിയെന്നും പരിഹാരം കണ്ട മോദിയുടെ നേതൃപാടവത്തെ അഭിനന്ദിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും വ്യാപാര സൗകര്യ കരാറില്‍ എത്തിയതായുള്ള പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഈ പ്രസ്താവന.
മ്യാന്‍മറിലെ കിഴക്കനേഷ്യന്‍ ഉച്ചകോടിക്കിടെ ചുരുങ്ങിയ സമയം മോദിയുമായി ഒബാമ സംസാരിച്ചപ്പോഴും നടപടിക്രമങ്ങളുടെ വക്താവാണ് മോദിയെന്ന് ഒബാമ പറഞ്ഞിരുന്നു. പ്രധാന തടസ്സം നീങ്ങിയതിനാല്‍ ലോക വ്യാപാര സംഘടനയുടെ വ്യാപാര സൗകര്യ കരാര്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വികസിത, വികസ്വര രാഷ്ട്രങ്ങളില്‍ ഒരുപോലെ വ്യാപാര ചെലവ് കുറക്കുന്നതാണ് വ്യാപാര സൗകര്യ കരാര്‍. ലോക വ്യാപാര സംഘടനയുടെ വിവര സാേങ്കതിക കരാര്‍ (ഐ ടി എ), ട്രാന്‍സ് ഫസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടി പി പി) കരാര്‍ എന്നിവയിലെ പ്രതിസന്ധികളും ഈയടുത്ത് അയഞ്ഞിരുന്നു.