പ്രകൃതി വാതക വില നിര്‍ണയം: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായതായി കേന്ദ്രം

Posted on: November 15, 2014 1:17 am | Last updated: November 14, 2014 at 11:17 pm

ന്യൂഡല്‍ഹി: കൃഷ്ണ ഗോദാവരി തടത്തില്‍ നിന്നടക്കമുള്ള പ്രകൃതി വാതക ശേഖരത്തിന്റെ വില നിശ്ചയിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മുന്‍ യു പി എ സര്‍ക്കാറിന്റെ നയം പൂര്‍ണമായി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ നയമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന പ്രകൃതി വാതക വില നിര്‍ണയത്തില്‍ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച സി രംഗരാജന്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളോടെ ദുര്‍ബലപ്പെട്ടുവെന്നും കഴിഞ്ഞ മാസം 18ന് പുതിയ നയത്തിന് എന്‍ ഡി എ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച്, വില നിര്‍ണയത്തില്‍ എന്താണ് പുതിയ സര്‍ക്കാറിന്റെ നയമെന്ന് സെപ്തംബര്‍ 18ന് ആരാഞ്ഞിരുന്നു. യു പി എ സര്‍ക്കാറിന്റെ നയം തുടരുകയാണോയെന്നും കോടതി ചോദിച്ചു. ഇതിനുള്ള മറുപടിയായാണ് പുതിയ നയം അംഗീകരിച്ച കാര്യം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വെച്ചത്. ഇതുപ്രകാരം പ്രകൃതി വാതകത്തിന്റെ ഒരു എം എം ബി ടി യുവിന് വില 5.61 ഡോളറായി ഉയര്‍ത്തും. (എം എം ബി ടി യു- പ്രകൃതി വാതക യൂനിറ്റ്. ഒരു എം എം ബി ടി യു എന്നാല്‍ പത്ത് ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്). സി രംഗരാജന്‍ ഫോര്‍മുല റദ്ദാകുകയും ചെയ്യും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാനായിരുന്നു സി രംഗരാജന്‍.
പ്രകൃതി വാതക വില എം എം ബി ടി യുവിന് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറിലേക്ക് ഉയര്‍ത്താനായിരുന്നു മുന്‍ സര്‍ക്കാറിന്റെ തീരുമാനം. ഇത് ഗോദാവരി തടത്തില്‍ നിന്ന് ഖനനം നടത്തുന്ന റിയലയന്‍സിന് വരുമാനമുണ്ടാക്കി കൊടുക്കാനാണെന്ന് കാണിച്ച് ഗുരുദാസ് ദാസ്ഗുപ്തയും സര്‍ക്കാറിതര സംഘടനയായ കോമണ്‍ കോസും കോടതിയെ സമീപിക്കുകയായിരുന്നു. ഗോദാവരി തടത്തില്‍ നിന്നുള്ള ഖനനം ആര്‍ ഐ എല്ലിന് നല്‍കരുതെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു.
പുതിയ നയം വന്നതോടെ ഹരജികള്‍ അപ്രസക്തമായെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഹരജിക്കാരുടെ മറ്റ് ആവശ്യങ്ങള്‍ ഏറെ പ്രസക്തമാണെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ തൃപ്തരല്ലെന്നാണ് റിലയന്‍സിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞത്.