ചാലക്കമ്പോളത്തില്‍ വന്‍ തീപ്പിടിത്തം; പത്തോളം കടകള്‍ കത്തി നശിച്ചു

Posted on: November 14, 2014 6:26 pm | Last updated: November 14, 2014 at 11:14 pm

തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല കമ്പോളത്തില്‍ വന്‍ തീപ്പിടിത്തം. തീപിടുത്തത്തില്‍ പത്തോളം കടകള്‍ പൂര്‍ണമായി അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപ്പിടിത്തത്തില്‍ ആളപായമില്ല. അതേസമയം കണ്ടുനിന്ന ഒരാള്‍ കുഴഞ്ഞ് വീണു മരിച്ചു. മണക്കാട് കല്ലാട്ട് മുക്ക് സ്വദേശി ഇസ്മാഈലാണ് (47) ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാലയിലെ ഇബ്രാഹിം സണ്‍സിന് എതിര്‍വശത്തുള്ള നിസാര്‍ ലെയ്‌നിലെ ലൗലി ഫാന്‍സി സ്റ്റോഴ്‌സിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരുകയായിരുന്നു. ജില്ലയിലെ അഗ്നിശമന സേനയുടെ 70 ശതമാനം യൂനിറ്റുകളും ചേര്‍ന്ന് നാല് മണിക്കൂര്‍ നേരത്തെ ശ്രമഫലമായി രാത്രി ഒന്‍പത് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് പുറമെ എയര്‍പോര്‍ട്ടില്‍നിന്ന് അത്യാധുനിക ഫയര്‍ഫോഴ്‌സ് സംവിധാനമായ പാന്തര്‍, എയര്‍ഫോഴ്‌സിന്റെ ഫയര്‍ഫോഴ്‌സ് യൂനിറ്റ് എന്നിവയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി വി എസ് ശിവകുമാര്‍, വി ശിവന്‍കുട്ടി എം എല്‍ എ, ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍, മേയര്‍ കെ ചന്ദ്രിക, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.