Connect with us

Gulf

പോലീസിന്റെ കാരുണ്യത്തില്‍ ബാലികക്ക് പാസ്‌പോര്‍ട്ട്

Published

|

Last Updated

ദുബൈ: കുടുംബ വഴക്കുകാരണം നാടുവിട്ട ഭര്‍ത്താവിന്റെ പകതീര്‍ക്കലില്‍ നിസാഹയരായ യുവതിക്കും അഞ്ച് വയസ്സുകാരി മകള്‍ക്കും ദുബൈ പോലീസിലെ മനുഷ്യാവകാശ വിഭാഗത്തിന്റെ കൈത്താങ്ങ്.
അറബ് വംശജയായ യുവതിയും തന്റെ അഞ്ച് വയസ്സുകാരിയായ മകളും തങ്ങളുടെ ദുരിത കഥകളുമായി ദുബൈ പോലീസിലെ മനുഷ്യാവകാശ വിഭാഗത്തെ സമീപിച്ചത് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു. താനുമായുള്ള അഭിപ്രായ ഭിന്നതകാരണം ഭര്‍ത്താവ് നാടുവിട്ട സമയത്ത് ദുബൈയില്‍ ജനിച്ച മകളുടെ പാസ്‌പോര്‍ട്ടും മറ്റു സുപ്രധാനമായ ചില രേഖകളും കൈവശം വെച്ചിരുന്നെന്ന് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പാസ്‌പോര്‍ട്ടും പൗരത്വം തെളിയിക്കാനുള്ള മറ്റു രേഖകളും ഇല്ലാത്തതിനാല്‍ കുട്ടിയുടെ വിസയും സ്‌കൂള്‍ പ്രവേശനവുമെല്ലാം അവതാളത്തിലായിരിക്കുകയാണെന്നും യുവതി തന്റെ പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മകളുടെ പാസ്‌പോര്‍ട്ടിനും മറ്റുമായി തങ്ങളുടെ കോണ്‍സുലേറ്റില്‍ കയറിയിറങ്ങുന്നുവെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാലാണ് പോലീസിലെ മനുഷ്യാവകാശ വിഭാഗവുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്.
ഭാര്യയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കു പുറമെ യുവതിയുടെ ഭര്‍ത്താവിനുണ്ടായിരുന്ന വന്‍ സാമ്പത്തിക ബാധ്യതകളും നാടുവിടാന്‍ കാരണമായതായി പോലീസ് കണ്ടെത്തി. പരാതിക്കാരിയുടെ രാജ്യത്തിന്റെ കോണ്‍സുലേറ്റും യു എ ഇയുടെ വിദേശമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട ദുബൈ പോലീസ് അവസാനം ലക്ഷ്യത്തിലെത്തുകയായിരുന്നു.
ദുബൈയിലെ ഒരു സ്വാകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി തനിക്കു ലഭിക്കുന്ന ശമ്പളം കൊണ്ടാണ് തന്റെ മകളോടൊപ്പം താമസിച്ചുവരുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അഞ്ച് വയസ്സുകാരിയായ മകള്‍ അനധികൃത താമസക്കാരിയായാണ് തുടരുന്നത്. സ്‌കൂള്‍ പഠനത്തിന് പാസ്‌പോര്‍ട് ഇല്ലാത്തത് തടസമാവുകയായിരുന്നു. ദുബൈ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് കുട്ടിയുടെ വിസകാര്യങ്ങള്‍ ശരിപ്പെടുത്താനും അനധികൃത താമസത്തിന്റെ പേരില്‍ അടക്കേണ്ട പിഴ സംഖ്യ ഒഴിവാക്കിക്കിട്ടാന്‍ ഇവരെ സഹായിക്കുമെന്നും കുട്ടിക്ക് പാസ്‌പോര്‍ട് നേടിക്കൊടുത്ത ദുബൈ പോലീസ് അറിയിച്ചു.