നെയ്മര്‍ തിളങ്ങി; ബ്രസീലിന് ജയം

Posted on: November 14, 2014 12:23 am | Last updated: November 14, 2014 at 12:23 am

NEYMARഇസ്താംബൂള്‍: ഫിഫ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ബ്രസീല്‍ തകര്‍പ്പന്‍ ജയം (4-0) നേടിയപ്പോള്‍ അര്‍ജന്റീന മെസിയുടെ പെനാല്‍റ്റി ഗോളില്‍ ക്രൊയേഷ്യയെ മറികടുന്നു (2-1). ബെല്‍ജിയം, എസ്‌തോണിയ ജയം കണ്ടപ്പോള്‍ ഹോളണ്ടിന് വീണ്ടും അടിതെറ്റി. ബെല്‍ജിയം 3-1ന് ഐസ്‌ലാന്‍ഡിനെയും എസ്‌തോണിയ 1-0ന് നോര്‍വെയെയും തോല്‍പ്പിച്ചു. ഹോളണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മെക്‌സിക്കോക്ക് മുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
നെയ്മര്‍ ഇഫക്ട്
ബ്രസീല്‍ നെയ്മറിന്റെ ചിറകിലേറി കുതിക്കുകയാണ്. ദുംഗ പരിശീലകനായതിന് ശേഷം മഞ്ഞപ്പടയുടെ തുടര്‍ച്ചയായ അഞ്ചാം ജയമായിരുന്നു ഇസ്താംബൂളില്‍. ഇരട്ട ഗോളുകള്‍ നേടുകയും മറ്റ് ഗോളുകള്‍ക്ക് വഴിയൊരുക്കിയും നെയ്മര്‍ കളം നിറഞ്ഞു. 20, 60 മിനുട്ടുകളിലായിരുന്നു നെയ്മറിന്റെ സ്‌കോറിംഗ്. വില്ലെയ്ന്‍ 44ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. നെയ്മര്‍ ലീഡ് ഗോളടിച്ചതിന് തൊട്ടു പിന്നാലെ കായുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ ലീഡ് വര്‍ധിപ്പിച്ചു.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ ആറ് ഗോളുകള്‍ നേടി. നാല്‍പത് വാര അകലെ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഫെര്‍നാണ്ടീഞ്ഞോ നല്‍കിയ പാസിലായിരുന്നു നെയ്മറിന്റെ ആദ്യ ഗോള്‍. ഡാനിലോയുടെ ക്രോസാണ് തുര്‍ക്കി ഡിഫന്‍ഡര്‍ കായുടെ ദേഹത്ത് തട്ടി വലയില്‍ കയറി, രണ്ടാം ഗോളായത്. വില്ലെയ്‌ന്റെ ഗോള്‍ നെയ്മറിന്റെ പദ്ധതിയിലായിരുന്നു. നാലാം ഗോള്‍ വില്ലെയ്ന്‍-നെയ്മര്‍ വണ്‍ ടു ഗെയിമിനെ തുടര്‍ന്നും.
ടെവസിനെ വരവേറ്റ് വെസ്റ്റ്ഹാം
കാര്‍ലോസ് ടെവസിന്റെ തിരിച്ചുവരവായിരുന്നു ഹൈലൈറ്റ്. അറുപത്തിരണ്ടാം മിനുട്ടില്‍ സെര്‍ജിയോ അഗ്യെറോക്ക് പകരം ടെവസെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പ് തന്നെ ഗാലറി നല്‍കി. ഇംഗ്ലണ്ടിലെ വെസ്റ്റ്ഹാമിലായിരുന്നു മത്സരം. വെസ്റ്റ്ഹാം യുനൈറ്റഡിന്റെ മുന്‍ താരമായിരുന്ന ടെവസ് ക്ലബ്ബിന്റെ രക്ഷകനായിരുന്നു. ഇവിടെ നിന്നാണ് ടെവസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുന്നത്.
ആരവങ്ങള്‍ക്ക് നടുവില്‍ ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും, തുടക്കത്തിലെ പതറിച്ചയില്‍ നിന്ന് തന്റെ ടീം തിരിച്ചുവരവ് നടത്തിയത് ടെവസിനും ആശ്വാസമായി. പതിനൊന്നാം മിനുട്ടില്‍ ഷാര്‍ബിനിയുടെ ഗോളില്‍ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ അര്‍ജന്റീന ഞെട്ടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അന്‍സാല്‍ഡിയുടെ ഗോളില്‍ സമനില. അഗ്യെറോയെ ഗോളി ലോറെ കാലിനിച് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ അര്‍ജന്റീനക്ക് ജയമൊരുങ്ങി. കിക്കെടുത്ത ക്യാപ്റ്റന്‍ മെസിക്ക് പിഴചില്ല.ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ പോര്‍ച്ചുഗലുമായിട്ടാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം. മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്നതും ക്രിസ്റ്റ്യാനോ തന്റെ മുന്‍ തട്ടകത്തില്‍ കളിക്കാനിറങ്ങുന്നതും സവിശേഷതയാണ്.
തിരിച്ചുവരവില്‍ ‘വേല’ത്തരം
മുന്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് വേല മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മെക്‌സിക്കന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ രണ്ട് ഗോളുകളോടെ ജയമൊരുക്കി. ആംസ്റ്റര്‍ഡാമില്‍ ഹോളണ്ടിനെയാണ് മെക്‌സിക്കോ അട്ടിമറിച്ചത്. എട്ട്, 62 മിനുട്ടുകളില്‍ വേലയും 69 മിനുട്ടില്‍ ഹെര്‍നാണ്ടസും സ്‌കോര്‍ ചെയ്തു. ഹോളണ്ടിനായി സ്‌നൈഡറും (49), ബ്ലിന്‍ഡും (74) വലയിളക്കി.