പ്രഭാത ഭക്ഷണത്തിലൂടെ പ്രമേഹം അകറ്റാം

Posted on: November 14, 2014 5:55 am | Last updated: November 13, 2014 at 11:13 pm

foodഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തിന്റെ പ്രമേയം ‘ആരോഗ്യകരമായ ജീവിതവും പ്രമേഹവും’ എന്നതാണ്. ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട എല്ലാപ്രവര്‍ത്തനങ്ങളുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിലൂടെ എങ്ങനെ പ്രമേഹത്തെ അകറ്റി നിര്‍ത്താം എന്നതാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
ആരോഗ്യകരമായ പ്രാഥമിക ഭക്ഷണം എങ്ങനെ ശീലിക്കാം എന്നതാണ് നാം ഇനി ചിന്തിക്കേണ്ടത്. ആരോഗ്യകരമായ പ്രഭാത ഭക്ഷണം പ്രമേഹത്തെ ഉന്മൂലനം ചെയ്യുന്നു. അതുവഴി സാമ്പത്തിക ബാധ്യതയെ ദൂരീകരിക്കുന്നു. ലോകത്ത് ദിവസം തോറും പ്രമേഹ രോഗികള്‍ കൂടിക്കൊണ്ടിരിക്കുകയാണല്ലോ. സമ്പാദിക്കുന്നതിന്റെ ഭൂരിഭാഗവും ചികിത്സക്കു വേണ്ടി വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണ രീതിയിലൂടെയും നിയന്ത്രിക്കുന്ന പ്രമേഹം മനുഷ്യന്റെ അശ്രദ്ധ കൊണ്ടു മാത്രം നിയന്ത്രണാതീതമാകുകയും പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ചിട്ടയായ ജീവിത ശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താം എന്ന് തെളിയിച്ചിട്ടുണ്ട്. ഇലക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും മാംസവും പാലും പയറു വര്‍ഗങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നതാണ് സമീകൃതാഹാരമെന്നു പറയുന്നത.്
പലരും വണ്ണം കുറയ്ക്കാനും മറ്റുമായി പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. പക്ഷേ, പ്രാതല്‍ ഒഴിവാക്കുന്നത് കൊണ്ട് വിപരീത ഗുണമാണ് ഉണ്ടാകുന്നത്. അത് വണ്ണം കൂടാനും അതിലൂടെ പ്രമേഹരോഗത്തിന് അടിപ്പെടാനും കാരണമാകുന്നു. സാധാരണ 40-59 വയസ്സിന്റെ ഇടയില്‍ കാണപ്പെടുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോള്‍ നമ്മുടെ ചിട്ടയായ ജീവിത രീതിയുടെ കുറവ് മൂലം, അല്ലെങ്കില്‍ നമ്മുടെ അശ്രദ്ധ മൂലം അതിലും നേരത്തെ തന്നെ കണ്ടുതുടങ്ങുന്നു. ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്നത് കൊണ്ട് ആര്‍ഭാടകരമായ പ്രഭാത ഭക്ഷണം എന്നര്‍ഥമില്ല. നമ്മുടെ ചുറ്റുപാടുമുള്ള പച്ചക്കറികളും പഴങ്ങളും ധാന്യ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണം എന്നേ ഉള്ളൂ. നമ്മുടെ പുതിയ തലമുറ കൂടുതല്‍ ആശ്രയിക്കുന്നത് ഫാസ്റ്റ് ഫുഡിനെയാണ്. ഇതൊരു അനാരോഗ്യകരമായ ഭക്ഷണ രീതിയാണ്. അത് കൊണ്ട് പുതിയ തലമുറ പെട്ടെന്ന് തന്നെ രോഗത്തിന് അടിപ്പെടുന്നു.
പ്രമേഹ രോഗികള്‍ ധാരാളമായി വെള്ളം, മധുരമില്ലാത്ത ചായ എന്നിവ ശീലമാക്കുക. ശീതളപാനീയങ്ങള്‍ ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയുംവേണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക. മത്സ്യം, കൊഴുപ്പ് നീക്കിയ മാംസം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരമില്ലാത്ത ചായ, കാപ്പി, വെള്ളം, മുട്ടയുടെ വെള്ള, മധുരമില്ലാത്ത തൈര്, പഴങ്ങള്‍(ആപ്പിള്‍, മുസംബി, ഓറഞ്ച്, പേരക്ക, റോബസ്റ്റ്), പച്ചക്കറികള്‍, കൊഴുപ്പ് നീക്കിയ പാല്‍, കൊഴുപ്പ് നീക്കിയ മാംസം, മസത്സ്യം എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. പഴങ്ങളുടെ ജ്യൂസ്, വൈറ്റ് ബ്രഡ്, ചോക്ലേറ്റ്, പാസ്റ്ററീസ്, ശീതള പാനീയങ്ങള്‍ എന്നിവ ആരോഗ്യകരമല്ലാത്ത പ്രഭാത ഭക്ഷണങ്ങളാണ്.
ഇന്റര്‍നാഷനല്‍ ഡയബറ്റിക് ഫെഡറേഷന്റെ കണക്കനുസരിച്ച് 2004ല്‍ ലോകത്ത് 171 മില്യന്‍ പ്രമേഹരോഗികളുണ്ട്. 2030 ആകുമ്പോഴേക്കും അത് 360 മില്യന്‍ ആകും. അതുപോലെ ഇന്ത്യയില്‍ 2013ലെ കണക്കനുസരിച്ച് 65 മില്യന്‍ പ്രമേഹരോഗികള്‍ ഉണ്ടെന്നും 2035 ആകുമ്പോഴേക്കും അത് 109 മില്യന്‍ ആയി വര്‍ധിക്കും എന്നും ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ഇത്ര പെരുകുന്നു എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകും. ഒന്നാമതായി ജനങ്ങള്‍ പ്രമേഹരോഗത്തെ നിസ്സാരമായി കാണുന്നു എന്നതു തന്നെയാണ് കാരണം. ഒരാള്‍ക്ക് ക്യാന്‍സറാണ് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ അയാളെ വേദനയോടെയും സഹതാപത്തോടെയും നോക്കുന്നു. കാരണം, ക്യാന്‍സറിന്റെ ഭീകരമുഖം ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു. അതേ സമയം, നമ്മുടെ കണ്ണുകളെയും വൃക്കകളേയും ഹൃദയത്തെയും കരളിനെയും നാഡി ഞരമ്പുകളെയും ആക്രമിക്കുന്ന പ്രമേഹം എന്ന ഭീകരതയെ എന്തുകൊണ്ട് ജനം നിസ്സാരമായി കാണുന്നു? അതിന് ഒരു ഉത്തരം മാത്രമാണുള്ളത്- പ്രമേഹത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ.
നമ്മുടെ സര്‍ക്കാറോ സന്നദ്ധ സംഘടനകളോ ഒന്നും തന്നെ പ്രമേഹത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്‌കൂള്‍ തലം മുതല്‍ പാഠ പുസ്തകങ്ങളിലൂടെയും മറ്റു ബോധവത്കരണക്ലാസുകള്‍ വഴിയും പ്രമേഹത്തെ കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് (ഭക്ഷണക്രമം, വ്യായാമം, സമീകൃതാഹാരം) ഭൂരിഭാഗം പ്രമേഹത്തെയും പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ തന്നെ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹത്തെ (നിശ്ശബ്ദനായ കൊലയാളി) അഥവാ അതിന്റെ സങ്കീര്‍ണതകളെ ഒഴിവാക്കാനും പറ്റും. കൂടാതെ, കണ്ണുകളെ ബാധിച്ച് അന്ധതയിലേക്കും വൃക്ക പരാജയം മൂലം വൃക്ക മാറ്റിവെക്കലിലേക്കും കാലിലെ ഞരമ്പുകളെ ബാധിച്ച് സ്പര്‍ശനശേഷിയില്ലാതെ തരിപ്പ്, മരവിപ്പ്, തഴമ്പ്, വ്രണങ്ങള്‍ എന്നിവയിലേക്കും നയികുന്നു. അറിയാതെ ഉണ്ടാക്കുന്ന വ്രണങ്ങള്‍ മൂലം കാല് മുറിച്ച് മാറ്റേണ്ടി വരുന്നു. (ഡയബറ്റിക്ക് പെരിഫെറല്‍ ന്യൂറോപതി) വലിയ രക്തക്കുഴലുകളെ ബാധിച്ച് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ രക്ത ചംക്രമണ വ്യൂഹത്തിലെ പഞ്ചസാരയുടെ അളവ് അധികമാകുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്. ഇത് ശരീരത്തിലെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനശേഷിക്കുറവോ ഉത്പാദനശേഷിക്കുറവോ മൂലമാണ് സംഭവിക്കുന്നത്. പ്രമേഹം നാല് തരത്തിലാണ് കാണുന്നത്.
ടൈപ്പ് 1 ഡയബറ്റിസ്: ഇന്‍സുലിന്‍ കുത്തിവെപ്പ് നിര്‍ബന്ധമായി വേണ്ടിവരുന്ന ഇത്തരം പ്രമേഹം കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം പ്രമേഹം വളരെ കുറവാണ്.
ടൈപ്പ് 2: സാധാരണ മധ്യവയസ്‌കരിലും പ്രായമായവരിലും കാണുന്ന ഈ തരം പ്രമേഹം ഇന്‍സുലിന്‍ അപാകം മൂലമാണ് ഉണ്ടാകുന്നത്. പാരമ്പര്യമായി കിട്ടാന്‍ വളരെ സാധ്യതയുള്ള ഈ രോഗം സാധാരണ ഗുളികകള്‍ കൊണ്ട് നിയന്ത്രിക്കുവാന്‍ സാധിക്കും.
ടൈപ്പ് 3: ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്രമേഹം
ടൈപ്പ് 4: മറ്റു കാരണങ്ങള്‍ മൂലമുണ്ടാകുന്ന പ്രമേഹം: പാന്‍ക്രിയാസ് ഗ്രന്ഥിയുടെ രോഗങ്ങള്‍ മറ്റു ഹോര്‍മോണ്‍ തകരാറുകള്‍ ചില മരുന്നുകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രമേഹം.
ഇന്ന് നമ്മുടെ രാജ്യത്തുള്ള പ്രമേഹ രോഗികളെക്കാള്‍ വളരെ കൂടുതലാണ് രോഗം കണ്ടുപിടിക്കാത്ത പ്രമേഹരോഗ സാധ്യതയുള്ളവരുടെ എണ്ണം. ജീവിത രീതി, ഭക്ഷണക്രമം, വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം എന്നിവ മൂലം പ്രമേഹം ഒരു രോഗം എന്നതിനേക്കാള്‍ ഒരു സാമൂഹിക പ്രശ്‌നം ആയിക്കൊണ്ടിരിക്കുന്നു. പ്രമേഹത്തെ കുറിച്ചുള്ള പൂര്‍ണമായ അറിവില്ലായ്മയാണ് ഇത് ഇത്രയേറെ പടര്‍ന്നുപിടിക്കാന്‍ കാരണം.