‘വിദേശ ഇന്ത്യക്കാരുടെ സേവനം ഇന്ത്യക്കും ഗുണം’

Posted on: November 13, 2014 7:48 pm | Last updated: November 13, 2014 at 7:48 pm

new photoദുബൈ: വിദേശ ഇന്ത്യക്കാരുടെ സ്തുത്യര്‍ഹ സേവനം ഇന്ത്യക്കും ഗുണകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വിദേശത്ത് ഇന്ത്യക്കാര്‍ സമ്പത്ത് മാത്രമല്ല, നേടുന്നത്. വൈദഗ്ധ്യം കൂടിയാണ്.
ഇത് ഇന്ത്യക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും- സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ഹണ്‍ഡ്രഡ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഡോ. ആസാദ് മൂപ്പന്‍, ഡോ. ബി ആര്‍ ഷെട്ടി, രവി പിള്ള, ഇസ്മാഈല്‍ റാവുത്തര്‍, ഐസക് പട്ടാണിപ്പറമ്പില്‍, ജോര്‍ജ് നേരേപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ദുബൈയിലെ ഇന്ത്യന്‍സമൂഹം സ്വീകരണം നല്‍കി.
ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങില്‍ യു എ ഇ യുവജന, സാംസ്‌കാരിക വകുപ്പു മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംബന്ധിച്ചു. യു എ ഇയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് പുതിയ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ഇതിന് പ്രവാസിസമൂഹത്തിന്റെ ക്രിയാത്മകമായ പിന്തുണ വേണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
ടി പി സീതാറാം, കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവരും പ്രസംഗിച്ചു. ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് കേരളീയം ദുബൈ ചാപ്റ്റര്‍ നിവേദനം നല്‍കി. യുഎഇ ചാപ്റ്റര്‍ കണ്‍വീനര്‍ ദുര്‍ഗാദാസ്, രാജന്‍, തിലകവര്‍മ, സന്തോഷ് മോഹന്‍ദാസ്, ഹരീന്ദ്രന്‍ നായര്‍, സുരേഷ് ആറ്റുകാല്‍, പാരിജാതം ടീച്ചര്‍, പ്രവീണ്‍, സുമേഷ് സുന്ദര്‍, സന്ദീപ് ജി വാരിയര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.