വികലാംഗരുടെ പാര്‍കിംഗ് ദുരുപയോഗം; പോലീസിന് പുതിയ ഉപകരണം

Posted on: November 13, 2014 7:47 pm | Last updated: November 13, 2014 at 7:47 pm

usth phtoദുബൈ: വികലാംഗര്‍ക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കയ്യേറുന്ന വിരുതന്മാരെ പിടിക്കാന്‍ ദുബൈ പോലീസ് പുതിയ കെണിയൊരുക്കി. ഇത്തരം വിരുതന്മാരെ കണ്ടുപിടിക്കുന്ന പ്രത്യേക ഉപകരണം ദുബൈ പോലീസ് രംഗത്തിറക്കി.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിപ്പെടുത്തി ദുബൈ പോലീസ് തന്നെ വികസിപ്പിച്ചെടുത്ത ഉപകരണമാണ് പോലീസ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ആദ്യ ഉപകരണം ദുബൈമോളിന്റെ പാര്‍ക്കിംഗ് ഭാഗത്ത് സ്ഥാപിച്ചതായി ട്രാഫിക് തലവന്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഈ അറിയിച്ചു.
പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരുപകരണം നിയമലംഘകരെ കണ്ടെത്താന്‍ ഉപയോഗിക്കുന്നതെന്ന് അല്‍ മസ്‌റൂഈ പറഞ്ഞു. ഉപകരണം സ്ഥാപിച്ച അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ എട്ട് നിയമ ലംഘനങ്ങള്‍ പുതിയ ഉപകരണം വഴി പിടികൂടിയതായും അല്‍ മസ്‌റൂഈ അറിയിച്ചു.
വികലാംഗര്‍ക്ക് മാത്രമായുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കയ്യേറുന്നത് പിടിക്കപ്പെട്ടാല്‍ 1,000 ദിര്‍ഹം പിഴയാണ് ചുമത്തുക. പുറമെ നാലു ട്രാഫിക് പോയിന്റുകളും നിയമ ലംഘകനെതിരെ രേഖപ്പെടുത്തും. വാഹനം അധികൃതര്‍ ഉടനടി പൊക്കുകയും ചെയ്യും. വികലാംഗരുടെ അവകാശം ഹനിക്കുന്നവരെ കര്‍ശനമായി തന്നെ നേരിടുമെന്ന് ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അല്‍ മസ്‌റൂഈ വ്യക്തമാക്കി.
ലെയ്‌സര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണം വികലാംഗരുടെ പാര്‍ക്കിംഗ് പ്രദേശത്തേക്ക് വാഹനം കടക്കുന്നതോടെ 20 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ബീപ് ശബ്ദം സന്ദേശമായി നല്‍കും. പാര്‍കിംഗ് അനുവദിക്കപ്പെട്ട വ്യക്തിയല്ലെങ്കില്‍ സ്ഥലം വിടാനുള്ള അറിയിപ്പാണിത്.
വാഹനത്തിന്റെ മുന്നും പിന്നും ചിത്രങ്ങള്‍ പകര്‍ത്താനും പാര്‍ക്ക് ചെയ്തതും പുറത്തെടുത്തതുമായ സമയവും കൃത്യമായി രേഖപ്പെടുത്താനും ഈ ഉപകരണത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വന്‍കിട ഷോപ്പിംഗ് മാളുകളിലാണ് ആദ്യഘട്ടമായി ഉപകരണം സ്ഥാപിക്കുക. മറ്റു സ്ഥലങ്ങളിലേക്കും ഉപകരണങ്ങള്‍ വഴിയെ എത്തും.