സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

Posted on: November 13, 2014 12:38 pm | Last updated: November 14, 2014 at 12:24 am

messi and neymarഇസ്താംബൂള്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. തുര്‍ക്കിയെ നെയ്മര്‍ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.
മികച്ച ഫോം തുടരുന്ന  നെയ്മറിലൂടെ ബ്രസീല്‍ 20-ാം മിനിറ്റിലാണ് ഗോളിന് തുടക്കമിട്ടത്. 25-ാം മിനിറ്റില്‍ തുര്‍ക്കിയുടെ പ്രതിരോധ താരം സെമി കയയുടെ പിഴവില്‍ പന്ത് സ്വന്തം വലയിലായി. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് മിഡ്ഫീല്‍ഡല്‍ വില്യനും ബ്രസീലിനായി വലചലിപ്പിച്ചു. 69-ാം മിനിറ്റില്‍ നെയ്മര്‍ തന്റെ രണ്ടാം ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി. നെയ്മറിന്റെ പേര് വിളിച്ച് ആര്‍പ്പുവിളികളോടെയാണ് തുര്‍ക്കി ആര്‍ധകര്‍ നെയ്മറിന്റെ പ്രകടനത്തെ വരവേറ്റത്. ലോകകപ്പിലെ ദാരുണമായ തോല്‍വിക്കു ശേഷം കോച്ചായി ദുംഗ ചുമതലയേറ്റ ശേഷമുള്ള ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ബ്രസീല്‍ 12 ഗോള്‍ നേടി.
ആദ്യം ഗോള്‍ നേടി ക്രൊയേഷ്യ ഞെട്ടിച്ചെങ്കിലും അര്‍ജന്റീന ഉജ്വലമായി തിരിച്ചുവന്നു. 11-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോള്‍. എന്നാല്‍ 49-ാം മിനിറ്റില്‍ അന്‍സാല്‍ഡിയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. 57-ാം മിനിറ്റില്‍ അഗ്യൂറോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മെസ്സി അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം കാര്‍ലോസ് ടെവസ് അര്‍ജന്റീന ജഴ്‌സിയില്‍ ഇറങ്ങി.

ALSO READ  ഇന്ത്യ- ഒമാൻ അന്താരാഷ്ട്ര സൗഹൃദ മത്സരം സമനിലയിൽ