ഭരണഘടനാ ബാധ്യത നിറവേറ്റണം: ഗോത്ര മഹാ സഭ

Posted on: November 13, 2014 12:57 am | Last updated: November 12, 2014 at 11:58 pm

തിരുവനന്തപുരം: ശിശുമരണം തുടരുന്ന അട്ടപ്പാടിയിലെ ആദിവാസി ഭരണമേറ്റെടുത്ത് ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ പട്ടികവര്‍ഗ വികസന വകുപ്പും മന്ത്രി പി കെ ജയലക്ഷ്മിയും തയ്യാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ. അട്ടപ്പാടി പാക്കേജ് പരാജയപ്പെട്ടെന്ന ഗ്രാമവികസന മന്ത്രി കെ സി ജോസഫിന്റെ കുറ്റസമ്മതം നാട്യമാണെന്ന് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. ആദിവാസി ഭരണം കെ സി ജോസഫിന്റെ ബാധ്യതയല്ല. അട്ടപ്പാടി എന്നാല്‍ ആദിവാസികളല്ല. ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രപാക്കേജ് കുടിയേറ്റ ലോബിക്കും ഇടനിലക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ളതാണ്. പാക്കേജിലെ 99 ശതമാനം ഗുണഭോക്താക്കളും ആദിവാസികളല്ല. ഈ പാക്കേജ് റദ്ദാക്കി ആദിവാസികള്‍ക്കായി തനത് പദ്ധതി തയ്യാറാക്കണം.
ആദിവാസികളുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ല. മന്ത്രിമാരും ജനപ്രതിനിധികളും അലസമായാണ് ശിശുമരണത്തെ സമീപിക്കുന്നത്. അടുത്തൊരു ദശകംകൊണ്ട് അട്ടപ്പാടിയിലെ ആദിവാസികളെ വംശീയമായി തുടച്ചുനീക്കുകയെന്ന നിഗൂഢ ലക്ഷ്യമാണ് ഭരണകക്ഷിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടപ്പാടിയെ കൊള്ളയടിയുടെ വിളനിലമാക്കി മാറ്റി. ശംസുദ്ദീന്‍ എം എല്‍ എക്ക് ആദിവാസി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ല. ഭൂമി കച്ചവടത്തിനു വേണ്ടിയാണ് അദ്ദേഹം അവിടെ വരാറുള്ളത്. സമഗ്രമായ കാര്‍ഷിക പാക്കേജ് നടപ്പാക്കിയാല്‍ ശിശുമരണം തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലെ നില്‍പ്പുസമരം വിപുലീകരിക്കും. ഡല്‍ഹിയിലെ ജന്ദര്‍മന്ദറിലേക്കും നില്‍പ്പുസമരം വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.