ആദിവാസി യുവതിയെ ഗര്‍ഭിണിയാക്കിയ സംഭവം: എസ് ഐ അറസ്റ്റില്‍

Posted on: November 13, 2014 12:54 am | Last updated: November 12, 2014 at 11:55 pm

കാസര്‍കോട്: ആദിവാസി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എസ് ഐയെ അറസ്റ്റു ചെയ്തു. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐയും കരിവെള്ളൂര്‍ സ്വദേശിയുമായ സുഗുണനെ (52) യാണ് കാസര്‍കോട് എസ് എം എസ്. ഡി വൈ എസ് പി. എല്‍ സുരേന്ദ്രന്‍ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 25 കാരിയായ യുവതിയെ കഴിഞ്ഞ ജൂലൈയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിലാണ് സുഗുണനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്. സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. യുവതിയെ പീഡിപ്പിച്ചതിന് ചൂരിയിലെ ഹനീഫ എന്നയാള്‍ക്കെതിരെയും എസ് എം എസ് കേസെടുത്തു. മെയ് 25ന് ഹനീഫയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം രാത്രി ഒരു മണിയോടെ അവിടെവെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. അഞ്ച് വര്‍ഷമായി ഹനീഫയുടെ വീട്ടുജോലിക്കാരിയാണ് യുവതി. പീഡനത്തിനിരയായ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഹനീഫ ഒളിവില്‍ പോയതായും പോലീസ് പറഞ്ഞു. ഹനീഫയെ അറസ്റ്റു ചെയ്ത് ചോദ്യംചെയ്യുന്നതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 28 വര്‍ഷമായി സര്‍വീസിലുള്ള സുഗുണന്‍ രണ്ട് വര്‍ഷമായി ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നു.