Connect with us

Ongoing News

സ്വന്തമായി സ്ഥലമില്ലാത്ത അങ്കണ്‍വാടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്ത അങ്കണ്‍വാടികള്‍, സ്ഥലമുള്ള സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മന്ത്രി എം കെ മുനീര്‍.
സംസ്ഥാന വികസന സമിതിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് മൊത്തം 33,000 അങ്കണ്‍വാടികളാണുള്ളത്. ഇവയില്‍ പകുതിയോളം എണ്ണത്തിന് സ്വന്തമായി കെട്ടിടമില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിര്‍ദേശം പരിഗണിക്കുന്നത്. സ്ഥലം ലഭ്യമാകുന്ന പക്ഷം സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് അങ്കണ്‍വാടികള്‍ക്ക് പ്രവര്‍ത്തിക്കാനാകും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുമായി 18ന് ചര്‍ച്ച നടത്തും. ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അറവുശാലകള്‍, പൊതുശ്മശാനം എന്നിവയുടെ നിര്‍മാണത്തിന് തയ്യാറായി മുന്നോട്ടുവരുന്ന തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ മുഴുവന്‍ പണവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് 29 ആധുനിക അറവുശാലകളുടെ പണി ഇപ്രകാരം നടക്കുന്നുണ്ട്. ഇവയില്‍ പത്തെണ്ണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന 19 എണ്ണത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഒന്നിന് 20 ലക്ഷം രൂപ എന്ന നിലയിലാണ് നേരത്തെ തീരുമാനിച്ചിരുന്നുന്നത്. എന്നാല്‍, ഇനിമുതല്‍ ഇതിനായി ചെലവാകുന്ന മുഴുവന്‍തുകയും സര്‍ക്കാര്‍ അനുവദിക്കും. ഗ്യാസ് ക്രിമറ്റോറിയം ഉള്‍പ്പെടെ ഉള്‍പ്പെടെ പൊതുശ്മശാനം നിര്‍മിക്കാനാവശ്യമാകുന്ന മുഴുവന്‍ തുകയും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കും. എന്നാല്‍, ഇതിനാവശ്യമായ സ്ഥലം ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനം കണ്ടെത്തണം.
കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 45 ശതമാനം ഫണ്ട് ആണ് അനുവദിച്ചിരുന്നത്. എന്നാല്‍ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ല. കാര്‍ഷിക പദ്ധതികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് വിഹിതത്തിന്റെ നിശ്ചിത ശതമാനം മറ്റ് പദ്ധതികള്‍ക്കായി ഉപയോഗിക്കാം.
സംസ്ഥാനത്ത് പിന്നാക്കാവസ്ഥയിലുള്ള പഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് മൊത്തം 40 പഞ്ചായത്തുകള്‍ പിന്നാക്കാവസ്ഥയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന സഹായംവഴി ഈ പഞ്ചായത്തുകള്‍ സ്വയംപര്യാപ്തത കൈവരിക്കണം. തദ്ദേശഭരണസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ഭവന പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുവന്നാല്‍ അവരുടെ തിരിച്ചടവ് കഴിവ് കൂടി പരിശോധിച്ച് സ്വന്തം ഫണ്ടില്‍നിന്ന് പണം ചെലവഴിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

 

Latest