മഴയും ആലിപ്പഴ വര്‍ഷവും റാസല്‍ ഖൈമയില്‍ 480 അപകടങ്ങള്‍

Posted on: November 12, 2014 8:27 pm | Last updated: November 12, 2014 at 8:27 pm

റാസല്‍ ഖൈമ: കഴിഞ്ഞ ദിവസങ്ങളില്‍ എമിറേറ്റ് സാക്ഷിയായ കനത്ത മഴയിലും അതിരൂക്ഷമായ ആലിപ്പഴ വര്‍ഷത്തിലും 480 വാഹനാപകടങ്ങള്‍ സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് റാസല്‍ ഖൈമ പോലീസിന്റെ സെട്രല്‍ ഓപറേഷന്‍സ് റൂമിന് ലഭിച്ചത് 480 വാഹനാപകട സന്ദേശങ്ങളാണെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗാനിം അഹമ്മദ് ഗനീം വ്യക്തമാക്കി. അല്‍ ദെയ്ദിലും റെഡ് ഐലന്റിലുമാണ് കനത്ത പേമാരി ഉണ്ടായത്. ഈ മേഖലയിലെ റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിപോയിരുന്നു. ഇത് മൂലം ഒട്ടുമിക്ക റൗണ്ട്എബൗട്ടുകളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
മഴയില്ലാത്ത ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശിയിരുന്നു ഇത് മൂലം മണലും പൊടിയും ക്രമാതീതിതമായി പറന്നുയര്‍ന്നതും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പല റോഡുകളിലും ദുരക്കാഴ്ച കുറയാനും വാഹനങ്ങള്‍ അപകടത്തില്‍ അകപ്പെടാനും ഇടയാക്കി. ചില റോഡുകളില്‍ കനത്ത തോതില്‍ മണല്‍ റോഡിലേക്ക് എത്തിയത് വാഹനഗതാഗതം ദുഷ്‌ക്കരമാക്കി. പോലീസിന്റെ സേവന വിഭാഗം അരോഹത്രം പ്രയത്‌നിച്ചാണ് റോഡുകളില്‍ നിന്നു മണല്‍ ഉള്‍പെടെയുള്ളവ നീക്കിയത്. കുളങ്ങളില്‍ അപകടകരമായ വിധത്തില്‍ ഉയര്‍ന്ന മഴ വെള്ളവും ടാങ്കര്‍ ഉപയോഗിച്ച് നീക്കം ചെയ്തു. അത്യാഹിതങ്ങള്‍ സംഭവിക്കുന്ന അവസരത്തില്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് റൂമിന്റെ നമ്പറായ 072355500, 072356611 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.
കടല്‍ യാത്ര നടത്തുന്നവര്‍, താഴ്‌വരകളില്‍ സന്ദര്‍ശനം നടത്തുന്നവര്‍, വാഹനം ഓടിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ കാലാവസ്ഥാ പ്രവചനാതീതമായ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പോലീസ് അഭ്യര്‍ഥിച്ചു. വാഹനം ഓടിക്കുന്നവര്‍ വേഗം സൂക്ഷിക്കണം. മറ്റു വാഹനങ്ങളെ മറികടക്കുന്നത് ഒഴിവാക്കണം. ദൂരക്കാഴ്ച ലഭിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തിയിടണം. കനത്ത മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും ഫലമായി എമിറേറ്റില്‍ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജബല്‍ ജെയ്‌സ് പര്‍വതത്തില്‍ കഴിഞ്ഞ ദിവസം 6.9 ഡിഗ്രിയായിരുന്നു താപനില. പര്‍വതത്തിന്റെ ഒട്ടുമിക്ക ഭാഗത്തും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് കാലാവസ്ഥ കുത്തനെ കുറയാന്‍ ഇടയാക്കിയത്. ഈ ആഴ്ചയുടെ തുടക്കത്തിലായിരുന്നു എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.