മന്ത്രിസഭായോഗത്തിന് ശേഷം സമരം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കും: സി പി എം, സി പി ഐ

Posted on: November 12, 2014 10:43 am | Last updated: November 12, 2014 at 10:43 am

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷ് എംപി നടത്തുന്ന നിരാഹാരസമരം രണ്ടുനാള്‍ പിന്നിട്ടു.കണ്ണിന് അസുഖം ബാധിക്കുകയും നേരിയ പനി അനുഭവപ്പെടുകയും ചെയ്ത എം പിയെ ഡോക്ടര്‍ പരിശോധിച്ചു.
അട്ടപ്പാടിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെയുള്ള സമരം ശക്തിപ്പെട്ടതോടെ മന്ത്രിമാരായ കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നിവര്‍ അട്ടപ്പാടിയിലെത്തി പദ്ധതികളുടെ അവലോകനം നടത്തി. അട്ടപ്പാടിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിനു ശേഷം അവ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും കെ സി ജോസഫ് അറിയിച്ചു. എം പി സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മന്ത്രിമാരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അറിഞ്ഞ ശേഷമേ നിരാഹാരം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് എം ബി രാജേഷ് എം പിയും ഈശ്വരി രേശനും പറഞ്ഞത്. ചൊവ്വാഴ്ച സമരം പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. സിപിഐ പുതൂര്‍ ലോക്കല്‍സെക്രട്ടറി പി രാമമൂര്‍ത്തി അധ്യക്ഷത വഹിച്ചു.
സിഐടിയു, ഡിവൈഎഫ്‌ഐ, എകെഎസ്, എഐടിയുസി, കഞ്ചിക്കോട് ഐടിഐ, ഇന്‍സ്ട്രുമെന്റേഷനിലെ ജീവനക്കാര്‍ തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സമരകേന്ദ്രത്തിലേക്ക് അഭിവാദ്യപ്രകടനം നടന്നു. സി പി ഐ നേതാവ് കെ പി രാജേന്ദ്രന്‍, തെന്നിലാപുരം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ടി പ്രവര്‍ത്തകര്‍, സൈമണ്‍ കോശിയുടെ നേതൃത്വത്തില്‍ സിഎംപി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
വി ചെന്താമരാക്ഷന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ശശി, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. എം എ നാസര്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബി രാജു, ബിഇഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സജി വര്‍ഗീസ്, എകെഎസ് ജില്ലാ സെക്രട്ടറി എം പി രാജന്‍, എഐടിയുസി ജില്ലാസെക്രട്ടറി കെ സി ജയപാലന്‍, സി ഐ ടി യു ഡിവിഷനല്‍ സെക്രട്ടറി വി എസ് ജോസ് എന്നിവര്‍ സംസാരിച്ചു.
അഗളി ടൗണില്‍ ആദിവാസി മഹാസഭ ജനറല്‍ സെക്രട്ടറിയും പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഈശ്വരീ രേശന്‍ ഇതേ ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരം മൂന്നാംദിവസത്തിലേക്ക് കടന്നു.
മുന്‍മന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍ എന്നിവര്‍ പൂര്‍ണ്ണ സമയവും സമരപന്തലില്‍ പങ്കെടുത്തുവരുന്നു. ആദിവാസികളെ പട്ടിണിയില്‍ നിന്നും രക്ഷിക്കുക, ജില്ലാ പഞ്ചായത്തംഗം ഈശ്വരീരേശന്റെ ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി പി ഐ പ്രവര്‍ത്തകര്‍ അഗളിയില്‍ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.