നീലഗിരിയില്‍ കുറ്റകൃത്യം വര്‍ധിക്കുന്നു; അന്യസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍

Posted on: November 12, 2014 10:28 am | Last updated: November 12, 2014 at 10:28 am

ഗൂഡല്ലൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ പോലീസ് ഉത്തരവിട്ടു. വടക്കെ ഇന്ത്യയിലെ ധാരാളം തൊഴിലാളികള്‍ നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്വകാര്യ എസ്റ്റേറ്റുകളിലും മറ്റും ജോലി ചെയ്യുന്നുണ്ട്. ന്യുഡല്‍ഹി, കല്‍ക്കത്ത, രാജസ്ഥാന്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലയില്‍ കുറ്റ കൃത്യങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ ഇപ്പോള്‍ പോലീസിന് പറ്റുന്നില്ല. അത്‌കൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. നീലഗിരിയിലെ സ്വകാര്യ തേയില തോട്ടങ്ങളില്‍ നൂറുക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ശമ്പളം കുറവായതിനാലാണ് തോട്ടം ഉടമകള്‍ അവരെ തന്നെ ജോലിക്ക് നിര്‍ത്തിയിരിക്കുന്നത്. ഇവിടുത്തെ തൊഴിലാളികളെക്കാള്‍ കൂലി കുറവാണ് അവര്‍ക്ക്.