ക്രിസ്മസിനെ വരവേല്‍ക്കാന്‍ പുതിയതരം കേക്കുകള്‍

Posted on: November 12, 2014 10:27 am | Last updated: November 12, 2014 at 10:27 am

സുല്‍ത്താന്‍ ബത്തേരി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ പുതിയതരം ക്രിസ്മസ് കേക്കുകള്‍. ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാനപ്പെട്ട ഇനമാണ് ക്രിസ്മസ് കേക്കുകള്‍. ബത്തേരിയിലെ മത്തായീസ് ബേക്കറിയിലാണ് പുതിയതരം കേക്ക് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കേക്ക് നിര്‍മാണത്തിന്റെ മിക്‌സിംഗ് ആരംഭിച്ചുകഴിഞ്ഞു.
മുന്തിരി, കശുവണ്ടിപ്പരിപ്പ്, ചെറി, ബദാം, പഴച്ചാറുകള്‍, ഈന്തപ്പഴം, പൈനാപ്പിള്‍, നാരങ്ങ, നെയ്, പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുന്നതാണ് പ്രധാനപ്പെട്ട ജോലി. 20 ഓളം പേര്‍ ചേര്‍ന്നാണ് മിക്‌സ് ചെയ്യുന്നത്. മിക്‌സ് ചെയ്യാന്‍ അഞ്ച് മണിക്കൂറോളം സമയം എടുക്കും. ശരിയ്ക്കും കുഴച്ച് മിക്‌സായിക്കഴിഞ്ഞാല്‍ പുഴുങ്ങും. അടച്ചുവെക്കും. ഒരു മാസത്തോളം ഇങ്ങനെ സൂക്ഷിക്കും. ഒരു മാസം കഴിഞ്ഞാല്‍ മൈദമാവില്‍ മുട്ട, പഞ്ചസാര, ഡാള്‍ഡ എന്നിവ ചേര്‍ത്ത് കുഴയ്ക്കും. തുടര്‍ന്ന് മിക്‌സ് ചെയ്ത പഴവര്‍ഗങ്ങള്‍ ചേര്‍ക്കും. കേക്ക് നിര്‍മാണത്തില്‍ പുതുമ സൃഷ്ടിക്കുകയാണ് മത്തായീസ് ബേക്കറി. പ്ലം കേക്കിനാണ് എല്ലാവര്‍ഷവും ആവശ്യക്കാര്‍ കൂടുതല്‍. ഒരു കിലോഗ്രാം കേക്കിന് 220 രൂപ മുതല്‍ 250 രൂപവരെയാണ് വില. 800 ഗ്രാമിന് 180, 400 ഗ്രാമിന് 90 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. പ്ലം കേക്കിനെ കൂടാതെ ബട്ടര്‍ കേക്ക്, ബട്ടര്‍ ക്രിം, ഫ്രഷ് ക്രിം, മാര്‍ബിള്‍ കേക്ക്, കാരറ്റ് കേക്ക്, ഗീ കേക്ക് തുടങ്ങിയവയും തയ്യാറാക്കുന്നുണ്ട്. യൂറോപ്പില്‍ പഴങ്ങളുടെ വിളവെടുപ്പ് കാലമാണിത്. പഴങ്ങള്‍ പറിച്ച് സൂക്ഷിച്ചുവെക്കും. പിന്നീട് ആവശ്യത്തിനനുസരിച്ച് കേക്കും മറ്റു പലഹാരങ്ങളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതേ രീതിയിലാണ് പഴ വര്‍ഗങ്ങള്‍ ശേഖരിച്ച് കേക്കും മറ്റു പലഹാരങ്ങളും ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമ സെബാസ്റ്റ്യന്‍ പുളിയംമാക്കല്‍, മാനേജര്‍മാരായ ബിനോയ് വള്ളിക്കാമാലില്‍, മാത്യു പുത്തന്‍പുര എന്നിവര്‍ പറഞ്ഞു.