മമ്മൂട്ടിയുടെ സാന്ത്വനത്തില്‍ റോഷ്‌നയുടെ ചികിത്സ ആരംഭിച്ചു

Posted on: November 12, 2014 10:23 am | Last updated: November 12, 2014 at 10:23 am

വളാഞ്ചേരി: പിതാവ് പൊള്ളലേല്‍പ്പിച്ച എട്ട് വയസുകാരി റോഷ്‌നയുടെ ചികിത്സ ഭരത് മമ്മുട്ടി ഏറ്റെടുത്തതിന്റെ ഭാഗമായി റോഷ്‌നയെ കുറ്റിപ്പുറം പതഞ്ജലിയില്‍ കൊണ്ട്‌വന്ന് ചികിത്സ ആരംഭിച്ചു.
രണ്ട് മാസം മുമ്പാണ് കരിപ്പൂര്‍ കുമ്മിണി പറമ്പില്‍ താമസിക്കുന്ന റോഷ്‌നയെ മേലാസകലം പൊള്ളലേറ്റനിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. പിതാവ് തിളച്ചയെണ്ണയൊഴിച്ച് എട്ട് വയസുകാരി റോഷ്‌നയെ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. റോഷ്‌നയുടെ കവിളിലും നെഞ്ചിലും തുടയുലും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി മുനീര്‍ ഇടപെട്ട് കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പൊള്ളലേറ്റത് പൂര്‍ണമായും മാറാന്‍ കുറ്റിപ്പുറം പതഞ്ജലിയില്‍ കൊണ്ട് വന്ന് ചികിത്സിക്കണമെന്ന് നടന്‍ മമ്മുട്ടി മന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റോഷ്‌നയെ കുറ്റിപ്പുറത്ത് കൊണ്ട് വന്നത്. റോഷ്‌നയുടെ ചികിത്സക്കുള്ള മുഴുവന്‍ ചെലവും മമ്മുട്ടി വഹിക്കും. റോഷ്‌നയുടെ പലമുറിവുകളും ഉണങ്ങാനുണ്ടെന്നും ഒരു മാസം മുറിവുണങ്ങാനുള്ള ചികിത്സ നടത്തണമെന്നും അതിന് ശേഷം മറ്റുചികിത്സകള്‍ ആരംഭിക്കുമെന്നും പതഞ്ജലിയിലെ വൈദ്യന്‍ ജ്യോതിഷ് കുമാര്‍ പറഞ്ഞു. പൂര്‍ണമായും അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ഏഴ് മാസം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വല്ലിപ്പയുടെയും വല്ലിമ്മയുടെയും സംരക്ഷണത്തിലാണ് റോഷ്‌ന ഇപ്പോഴുള്ളത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇവര്‍ സര്‍ക്കാരിന്റെയും മമ്മുട്ടിയുടെയും മറ്റു കരുണ ഹൃദയുരുടെയും സഹായത്തിന് നന്ദി പറയുകയാണ്.