Connect with us

Malappuram

മന്ത് രോഗ പ്രതിരോധം: 39.58 ലക്ഷം പേര്‍ക്ക് ഗുളിക നല്‍കും

Published

|

Last Updated

മലപ്പുറം: മന്ത് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 39.58 ലക്ഷം പേര്‍ക്ക് ഗുളിക വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അടുത്തമാസം 14 മുതല്‍ 20 വരെയാണ് മന്ത്‌രോഗ നിവാരണ പരിപാടി നടത്തുന്നത്. പൊന്നാനി – താനൂര്‍ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തും. ആശാ പ്രവര്‍ത്തര്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരടങ്ങിയ 20400 വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. സ്‌കൂളുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ഗുളികകള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ഇടങ്ങളിലും ഗുളിക ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. രോഗബാധിതരും ഭക്ഷണം കഴിക്കാത്തവരും ഗുളിക കഴിച്ചാല്‍ അസ്വസ്തകളുണ്ടാവാം. എന്നാല്‍ ഇത് ഗുരുതര പ്രശ്‌നമുണ്ടാവില്ല.
ഡി എം ഒ. വി ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. നൂന മര്‍ജ, ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജോതി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി എം ഗോപാലന്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഇസ്മാഈല്‍ പങ്കെടുത്തു.
പൊന്നാനിയില്‍
1233 രോഗബാധിതര്‍
മലപ്പുറം: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മന്ത് രോഗബാധിതരുള്ള പ്രദേശമാണ് പൊന്നാനി. 1233 പേര്‍ രോഗബാധിതരാണ്. രോഗത്തിന് കാരണമാകുന്ന മൈക്രോഫെലേറിയ കൂടുതലായും കാണപ്പെടുന്ന പ്രദേശം കൂടിയായ പൊന്നാനി കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും.

മന്ത്‌രോഗം?
കൊതുകിലൂടെ പടരുന്ന നേര്‍ത്ത നൂലുപോലുള്ള വിരകള്‍ കാരണമാണ് മന്ത് രോഗം ഉണ്ടാകുന്നത്. ശരീരത്തിലെത്തിയ മന്തുവിരകള്‍ ലിംഫ് കുഴലുകളില്‍ നാല് മുതല്‍ ആറ് വര്‍ഷം വരെ ജീവിക്കും. ഇവ ലിംഫ് കുഴലുകളില്‍ മൈക്രൊഫൈലേറിയ എന്ന ലക്ഷക്കണക്കിന് കുഞ്ഞുവിരകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. രാത്രികാല രക്തപരിശോധനയിലൂടെയാണ് ഒരു പരിധിവരെ ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയൂ. വര്‍ഷങ്ങളോളം ബാഹ്യലക്ഷണങ്ങളൊന്നും കാണുകയുമില്ല. എന്നാല്‍ ഈ കാലയളവില്‍ മൈക്രോഫൈലേറിയ ഉള്ള വ്യക്തിയെ കൊതുക് കടിക്കുമ്പോള്‍ ഈ കുഞ്ഞുവിരകള്‍ രക്തത്തോടൊപ്പം കൊതുകിലെത്തും. തുടര്‍ന്ന് കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ ഈ ലാര്‍വകള്‍ അയാളിലേക്ക് കടക്കുകയും ചെയ്യും. രോഗം ബാധിച്ചാല്‍ ചികിത്സിച്ച് മാറ്റാന്‍ സാധ്യമല്ല. മന്ത്‌രോഗ നിവാരണത്തിന് വിതരണം ചെയ്യുന്ന ഗുളിക കഴിക്കുന്നതിലൂടെയും കൊതുക് നശീകരണത്തിലൂടെയും മാത്രമേ രോഗം ഫലപ്രദമായി തടയാന്‍ കഴിയൂ.

Latest