മലപ്പുറം മണ്ഡലത്തിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ ഡിസംബറില്‍

Posted on: November 12, 2014 10:10 am | Last updated: November 12, 2014 at 10:10 am

മലപ്പുറം: മലപ്പുറം മണ്ഡലത്തിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ ഡിസംബറില്‍ പ്രഖ്യാപിക്കും. മലപ്പുറത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിഷന്‍ 2030 സെമിനാറിലാണ് തീരുമാനം. ജനകീയ പങ്കാളിത്തത്തോടെയുള്ള സമഗ്ര വികസനമാണ് മണ്ഡലത്തില്‍ നടപ്പിലാക്കുക.
ഇതിനായി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുസമൂഹവും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് മലപ്പുറം നിയോജക മണ്ഡലം എം എല്‍ എ പി ഉബൈദുല്ല പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തില്‍ മലപ്പുറം ഡി ടി പി സി ഹാളിലായിരുന്നു ശില്‍പശാല സംഘടിപ്പിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, ഊര്‍ജം തുടങ്ങി മുഴുവന്‍ മേഖലകളിലുമുള്ള മലപ്പുറത്തിന്റെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ഉബൈദുല്ല പറഞ്ഞു.
ഒരു വര്‍ഷത്തിനകം മണ്ഡലത്തിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും റബറൈസ് ചെയ്യുമെന്നും മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കെട്ടിടം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി കോയാമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, വികസന സ്ഥിരംസമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, അംഗം ഉമ്മര്‍ അറക്കല്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍മാന്‍ കെ എം ഗിരിജ, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞി മുഹമ്മദ്, കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ് സംസാരിച്ചു. കില അസി. ഡയറക്ടര്‍ കെ എം സലീം വിഷയമവതരിപ്പിച്ചു. ശില്‍പശാലയില്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പത്ത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.