ഗുരുവായൂരപ്പന്‍ കോളജ് ഓഫീസ് അടിച്ചു തകര്‍ത്തു

Posted on: November 12, 2014 12:36 am | Last updated: November 12, 2014 at 12:36 am

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജിലും മാനേജ്‌മെന്റ് ഓഫീസിലും ആര്‍ എസ് എസ്- എ ബി വി പി പരാക്രമം. തളിയിലുള്ള ഗുരുവായൂരപ്പന്‍ കോളജ് മാനേജ്‌മെന്റിന്റെ ഓഫീസ് അടിച്ച് തകര്‍ത്തു. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസാണ് എട്ടംഗ സംഘം അടിച്ചുതകര്‍ത്തത്.
ഓഫീസില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള രേഖകള്‍ ഉള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു. മാരകായുധങ്ങളുമായി കോളജില്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് ആക്രമണം അരങ്ങേറിയത്. മാനേജറായ ഗൗരിയെ കാണാനെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറി രണ്ടാം നിലയിലുള്ള ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. പന്തികേട് തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ സ്‌കൂളിലെ മറ്റുജീവനക്കാരെ വിവരം അറിയിക്കുമ്പോഴേക്കും എല്ലാം അടിച്ചുതകര്‍ത്ത് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. മാനേജറെ തിരക്കിയെത്തിയ സംഘം മാനേജറില്ലെന്നറിഞ്ഞതോടെ കണ്ണില്‍ കണ്ടതെല്ലാം അടിച്ച് തകര്‍ക്കുകയായിരുന്നു. പ്രതികള്‍ ആക്രമണം തുടങ്ങിയതോടെ മാനേജറുടെ മുറിയും കമ്പ്യൂട്ടര്‍ റൂമും അടച്ചിട്ട് രണ്ട് ഓഫീസ് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുവായൂരപ്പന്‍ കോളജുമായി ബന്ധപ്പെട്ട വിലപ്പെട്ട പല രേഖകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. കോളജിലെ അധ്യാപക നിയമനത്തിനുള്ള നിരവധി ഡി ഡികളും അപേക്ഷകളും നശിപ്പിക്കപ്പെട്ടു. മേശകളും കസേരകളും ടെലിഫോണും പ്രിന്ററുമെല്ലാം തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാവിലെ പത്തോടെ സ്‌കൂളിന്റെ പ്രധാന ഗേറ്റടച്ചതിനാല്‍ കുളത്തിന് സമീപത്തുള്ള വാതില്‍ തുറന്നാണ് അക്രമികള്‍ അകത്തേക്ക് വന്നത്. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം.
ഓഫീസ് ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് ആര്‍ എസ് എസുകാര്‍ കോളജ് ക്യാമ്പസില്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. ഇരുമ്പ്പാര ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ കോളജ് യൂനിയന്‍ ഭാരവാഹികളുമായ ഫാത്വിമ സനം, അമ്മുപ്രിയ, എന്‍ തുഷാര്‍, ശ്രീഷമിം എസ് എഫ് ഐ പ്രവര്‍ത്തകരായ പ്രണവ്, ഐശ്വര്യ സതീഷ്, എം ആര്യ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് അസിസ്റ്റന്റ് കമീഷണര്‍ എ ജെ ബാബു, സി ഐ ബാബു പെരിങ്ങോത്ത് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.