Connect with us

Eranakulam

നീറ്റാ ജെലാറ്റിന്‍ ആക്രമണം: 15 പേരെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: നീറ്റാ ജെലാറ്റിന്‍ കമ്പനിയുടെ എറണാകുളം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അടിച്ചു തകര്‍ത്ത 15 പേരെ പോലീസ് ചോദ്യം ചെയ്തു.
അക്രമികളില്‍ മുഖം മൂടി ധരിക്കാത്ത രണ്ട് പേരുടെ ചിത്രങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെങ്കിലും ഇവരെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് അനുഭാവികളായ 15 ഓളം പേരെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് അക്രമി സംഘത്തിന്റെ ചിത്രങ്ങളുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ് അധികൃതര്‍ക്ക് അയച്ചു കൊടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാവോയിസ്റ്റ് ആക്രമണമായിരിക്കാമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ആക്രമണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമമായ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട് (യു എ പി എ) പ്രകാരമുള്ള കുറ്റം ചുമത്തിയതായി സിറ്റി പോലീസ് അറിയിച്ചു. എന്നാല്‍ മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി പറയാന്‍ കഴിയുന്ന ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ് വ്യക്തമാക്കി.
എറണാകുളത്ത് തന്നെയുള്ള ചില സംഘടനകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നാണ് സൂചന. അഞ്ചോളം പേര്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലുണ്ട്. ഇവരില്‍ രണ്ട് പേര്‍ പോരാട്ടം എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്്. കാതിക്കുടത്തെ നീറ്റാ ജെലാറ്റിന്‍ വിരുദ്ധ സമരക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ആക്രമണം നടത്തിയ സ്ഥലത്ത് ലഘുലേഖകള്‍ വിതറിയതല്ലാതെ മാവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. മാധ്യമ സ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളിച്ചോ പത്രക്കുറിപ്പ് നല്‍കിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സംഘടനയുടെ രീതി. എന്നാല്‍ ആക്രമണം നടന്നിരിക്കുന്നത് മാവോയിസ്റ്റ് ശൈലിയിലാണെന്നതിലാണ് പോലീസ് ശ്രദ്ധയൂന്നുന്നത്. അതേസമയം കൊച്ചിയില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരുഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് സമാന്തരമായി രഹസ്യാന്വേഷണ ഏജന്‍സികളും പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ ചിത്രങ്ങള്‍ വിവിധ ജില്ലകളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കൊച്ചി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് കൈമാറിയിട്ടുണ്ട്്.

 

Latest