യു ഡി എഫ് എം വി ആറിനോട് നീതി കാട്ടിയില്ല: കെ സുധാകരന്‍

Posted on: November 12, 2014 5:34 am | Last updated: November 12, 2014 at 12:34 am

കണ്ണൂര്‍: അന്തരിച്ച എം വി രാഘവനോട് അവസാന കാലത്ത് യു ഡി എഫ് നീതി കാട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പരിയാരം മെഡിക്കല്‍ കോളജ് ഒന്നുകില്‍ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത് എം വി രാഘവന്റെ അവസാനത്തെ ആഗ്രഹമായിരുന്നുവെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. താന്‍ ചോര നല്‍കി പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളജ് ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ പിടിച്ചടക്കിയവരില്‍ നിന്ന് മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അദ്ദേഹത്തോട് നീതി കാട്ടിയില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു. 2007ല്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടികളാണ്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും അവരില്‍ നിന്ന് മോചിപ്പിക്കാനാകാത്തത് നാണക്കേടാണെന്നും സുധാകരന്‍ പറഞ്ഞു. യു ഡി എഫ് സര്‍ക്കാറില്‍ നിന്ന് ഇത്തരത്തിലുള്ള നടപടിയുണ്ടാകാത്തത് കാരണമാണ് എം വി ആര്‍ അവസാനകാലത്ത് യു ഡി എഫിനെതിരെ തിരിയാന്‍ കാരണം. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോളജ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. യു ഡി എഫ് അധികാരത്തില്‍ വന്നത് മുതല്‍ കേള്‍ക്കുന്നതാണ് ഇതേ മറുപടിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. എം വി ആറിന്റെ ആത്മാവിനോടെങ്കിലും നീതി പുലര്‍ത്തുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുക്കണമെന്നും കോളജിന് എം വി രാഘവന്റെ പേര് നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.