എ കെ- 47മായി പി ഡി പി. എം എല്‍ എ; കാശ്മീരില്‍ വിവാദം

Posted on: November 12, 2014 12:27 am | Last updated: November 12, 2014 at 12:27 am

PDP-lawmakerശ്രീനഗര്‍: എ കെ- 47 തോക്കുമായി പോസ് ചെയ്യുന്ന ജമ്മു കാശ്മീര്‍ രാഷ്ട്രീയ നേതാവിന്റെ ചിത്രം ഫേസ്ബുക്കില്‍ വന്നത് വിവാദമായി. പി ഡി പി. എം എല്‍ എ ജാവേദ് മുസ്തഫ മിര്‍ ആണ് വിവാദത്തില്‍ പെട്ടത്. എ കെ-47 പിടിച്ച് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന മിറിന്റെ തൊട്ടടുത്ത് ആയുധമേന്തിയ മറ്റൊരാളുമുണ്ട്.
ജീവന് ഭീഷണിയുണ്ടായതിനാല്‍ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആയുധം കൈയില്‍ പിടിച്ചതെന്ന ന്യായീകരണവുമായി മിര്‍ രംഗത്തെത്തി. 2004ലാണ് ഈ ഫോട്ടോയെടുത്തതെന്നും ജീവന് ഭീഷണിയുയര്‍ന്നതിനാല്‍ അന്ന് പതിവായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല കാശ്മീര്‍ രാഷ്ട്രീയ നേതാക്കള്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത് വെളിപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്‌ലിം വാണിയുടെ മകന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വിവാദമായിരുന്നു. ഇതൊരു കുറ്റമാണോയെന്നാണ് അന്ന് വാണി ചോദിച്ചത്. രാജ്യത്തെ സേവിക്കാന്‍ പോലീസുകാരനാകാനാണ് മകന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം വിവാദങ്ങള്‍ നടക്കുന്നത്.