Connect with us

National

ഗുജറാത്തിലെ നിര്‍ബന്ധിത വോട്ടിംഗ്: കോണ്‍ഗ്രസ് രണ്ട് തട്ടില്‍

Published

|

Last Updated

ഗാന്ധിനഗര്‍: ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാക്കിയ വിഷയത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് രണ്ട് തട്ടില്‍. കോണ്‍ഗ്രസ് സംസ്ഥാന യൂനിറ്റ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചപ്പോള്‍, മുതിര്‍ന്ന നേതാവും വക്താവുമായ അഭിഷേക് മനു സിംഗ്‌വി സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു.
“വോട്ട് ചെയ്യാത്തവരെയെല്ലാം ശിക്ഷിക്കുന്നത് പ്രായോഗികമാണോ? ഇത് തെറ്റായ നടപടിയും ഭരണഘടനാ വിരുദ്ധവുമാണ്. നിര്‍ബന്ധിത വോട്ടിംഗിനെ ശക്തമായി എതിര്‍ക്കുന്നുവെന്നതാണ് പാര്‍ട്ടി നിലപാട്- ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മൊദ്‌വാദിയ പറഞ്ഞു. ഇതൊരു നല്ല പരീക്ഷണമാണെന്നായിരുന്നു സിംഗ്‌വിയുടെ അഭിപ്രായം. നല്ല തുടക്കമാണിത്. ഇതെങ്ങനെ നടപ്പില്‍ വരുമെന്ന് കാത്തിരുന്ന് നോക്കാം. ശരിയായ നിലയില്‍ നടപ്പിലാക്കിയാല്‍ രാജ്യത്തിന് മൊത്തത്തില്‍ മാതൃകാ പദ്ധതിയാകും ഇത്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009 ല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉയര്‍ത്തിക്കാട്ടി ബില്‍ കൊണ്ടുവന്നെങ്കിലും ഇപ്പോഴത്തെ ഗവര്‍ണര്‍ ഒ പി കോലി ഇതിന് അംഗീകാരം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഗുജറാത്ത് ലോക്കല്‍ അതോറിറ്റി നിയമം 2009 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യല്‍ നിയമപരമായ ബാധ്യതയാകുന്നു. ഇതോടെ രാജ്യത്ത് വോട്ടിംഗ് നിര്‍ബന്ധമാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഗുജറാത്ത്. അമ്പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2009ല്‍ തന്നെ ബില്‍ നിയമസഭ പാസ്സാക്കിയിരുന്നുവെങ്കിലും അന്നത്തെ ഗവര്‍ണര്‍ കമലാ ബെനിവാള്‍ ബില്ലില്‍ ഒപ്പ് വെക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമാണ് ഈ ബില്ലെന്നായിരുന്നു അവരുടെ നിലപാട്. 2011ല്‍ ബില്‍ വീണ്ടും പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് തക്കതായ കാരണങ്ങളില്ലാതെ വോട്ടിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ ശിക്ഷാര്‍ഹരായിരിക്കും. നോട്ട ബട്ടണമര്‍ത്തി മുഴുവന്‍ സ്ഥാനാര്‍ഥികളെയും നിഷേധിക്കാന്‍ വോട്ടര്‍ക്ക് അവകാശമുണ്ടായിരിക്കും. മുനിസിപ്പല്‍ കോര്‍പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഗുജറാത്തില്‍ ഒക്‌ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മറ്റ് വഴികളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

---- facebook comment plugin here -----

Latest