ബാര്‍കോഴ: രണ്ട് പേരുടെ മൊഴിയെടുത്തു

Posted on: November 12, 2014 12:20 am | Last updated: November 12, 2014 at 12:20 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് സംഘം രണ്ട് പേരുടെ മൊഴി കൂടി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ബാറുടമ സുരേന്ദ്രന്‍, ബിജു രമേശിന്റെ അക്കൗണ്ടന്റ് അജീഷ് എന്നിവരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, മാണിക്ക് കോഴ കൊടുക്കാന്‍ ഇടനിലക്കാരനായിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ട്രഷറര്‍ ജേക്കബ് കുര്യന്‍ പറഞ്ഞു. എല്ലാവര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പല ആവശ്യങ്ങളും കാണും. ഓരോരുത്തരും ഓരോ ആവശ്യത്തിനു വേണ്ടിയാവും മാണിയുടെ വീട്ടില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം പൊട്ടക്കുഴിയിലെ വിജിലന്‍സ് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.