ബി പി എല്‍ കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍പരിശീലനം

Posted on: November 12, 2014 12:16 am | Last updated: November 12, 2014 at 12:16 am

മലപ്പുറം; കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ആജീവിക പദ്ധതി എന്‍ ഡി എ സര്‍ക്കാര്‍ പേര് മാറ്റി നടപ്പാക്കുന്നു. ബി പി എല്‍ കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി ഡി യു- ജി കെ വൈ) പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കും. ഇതിന് ആവശ്യമുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുക. ദരിദ്ര കുടുംബങ്ങളിലെ 15- 35 വയസ്സ് വരെയുള്ളവരെ കണ്ടെത്തി വിവിധ കോഴ്‌സുകളില്‍ പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ വിദഗ്ധ പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ തൊഴില്‍ ഉടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങളുടെ ഫെഡറേഷനുകള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പരിശീലനത്തിനും തൊഴില്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീയെ സഹായിക്കും. കേരളത്തില്‍ ഏഴ് കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് ഒഴികെയുള്ള മലബാര്‍ മേഖലകളില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്‌സ് സ്‌കില്‍സ് ഇന്ത്യ എന്ന സ്ഥാപനമാണ് പരിശീലകര്‍. ടെലികോം സെയില്‍സ്, റീട്ടെയില്‍സ് സെയില്‍സ്, ഡോര്‍ ടു ഡോര്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയവയിലാണ് ഈ സ്ഥാപനത്തിന് കീഴില്‍ പരിശീലനം നല്‍കുക. മൂന്ന് മാസമാണ് പരിശീലന കാലാവധി. പരിശീലനം പൂര്‍ത്തിയാക്കിയ 75 ശതമാനം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കിയാല്‍ മാത്രമേ പരിശീലനം നല്‍കുന്ന കമ്പനികള്‍ക്കുള്ള ഫണ്ട് അനുവദിക്കുകയുള്ളൂവെന്നതിനാല്‍ തൊഴില്‍ ഉറപ്പായും ലഭിക്കും. ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പരിശീലനത്തോടൊപ്പം നല്‍കും. യൂനിഫോം, ഭക്ഷണം, യാത്രാ കൂലി, ഹോസ്റ്റല്‍ സൗകര്യം എന്നിവയെല്ലാം പരിശീലന കാലയളവില്‍ സൗജന്യമായി ലഭിക്കും.

പദ്ധതി നടപ്പാക്കാന്‍ മുഴുവന്‍ ബ്ലോക്കുകളിലേയും വിവരങ്ങള്‍ കുടുംബശ്രീ ഇതിനകം ശേഖരിച്ചിട്ടുണ്ട്.