‘മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നു’

Posted on: November 11, 2014 10:53 pm | Last updated: November 11, 2014 at 10:53 pm

shashi tharoorഷാര്‍ജ: മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന് ഡോ. ശശി തരൂര്‍ എം പി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ആസ്വാദകരോട് സംവദിക്കുകായിരുന്നു അദ്ദേഹം.
ബ്രേക്കിംഗ് ന്യൂസ് എന്ന അപദ്രംശമാണ് ഇതിന് കാരണം. വസ്തുതകള്‍ മനസിലാക്കാതെ എന്തിനെയും തകര്‍ക്കുക എന്നതാണ് ബ്രേക്കിംഗ് ന്യൂസിന്റെ കാതല്‍. റേറ്റിംഗില്‍ മുന്നിലെത്താനുള്ള തത്രപ്പാടില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു.
പത്രങ്ങളും ബ്രേംക്കിംഗ് ന്യൂസുകളെ ആശ്രയിച്ചത് അതിശയിപ്പിക്കുന്നു. പത്രങ്ങള്‍ക്ക് അടുത്തകാലം വരെ വിശ്വാസ്യത ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു വാര്‍ത്ത വന്നാല്‍ അതിന് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ഇന്ന് ഒരു വാര്‍ത്തയെയും വായനക്കാര്‍ വിശ്വസിക്കുന്നില്ല. പാശ്ചാത്യ പത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് പത്രങ്ങള്‍ ടാബ്ലോയിഡുകളുടെ നിലവാരത്തില്‍ പതിക്കുന്നു.
വസ്തുതകളും വിശകലനങ്ങളും കൂട്ടിക്കുഴക്കുന്നതാണ് പത്രങ്ങള്‍ ചെയ്യുന്ന അസം ബന്ധം. വസ്തുതകള്‍ പവിത്രമാണെന്ന് വാര്‍ത്താ ലേഖകര്‍ മറക്കുകയാണ്. ടെലിവിഷന്‍ ചാനലുകള്‍ അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ചാനലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നത് അത് കൊണ്ടാണ്.
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ അഭിരമിക്കുന്നത് സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും. എഴുത്താണ് ഏറ്റവും ഉത്കൃഷ്ടമായത്. എഴുതാന്‍ കഴിയുന്നവര്‍ അതില്‍ നിന്ന് അകന്നുപോകാന്‍ പാടില്ല.
ടെലിവിഷന്‍ കാലത്ത് ശബ്ദങ്ങള്‍ക്കാണ് പ്രാധാന്യം. അതിനെ ഉപയോഗപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതേ സമയം, മഹാത്മജിയും നെഹ്‌റുവും അക്ഷരങ്ങളെ ഉപയോഗപ്പെടുത്തി. അക്ഷരങ്ങള്‍ പ്രദാനം ചെയ്യുന്ന ഗഹനത ശബ്ദങ്ങള്‍ക്ക് ഉണ്ടാകില്ല-ശശി തരൂര്‍ ഓര്‍മിപ്പിച്ചു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഭാഗമായി യു എ ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളോടും അദ്ദേഹം സംവദിച്ചു. ഒരു സ്‌കൂളില്‍ നിന്ന് ഒരു കുട്ടി എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികളോട് സൗമ്യവും സരസവുമായി മറുപടി പറഞ്ഞ തരൂര്‍ ഇന്ത്യയുടെ മഹത്വങ്ങളെകുറിച്ചും ഇന്ത്യന്‍ ഭരണസംവിധാനങ്ങളെകുറിച്ചും ആഴത്തില്‍ സ്പര്‍ശിച്ചു.
ഇന്ത്യയുടെ ഫലഭൂയിഷ്ടമായ കാര്‍ഷികസംസ്‌കൃതിയുടെ പെരുമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ധാതുലവണങ്ങളെയും മറ്റ് പ്രകൃതി വിഭവങ്ങളെയും ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇന്ത്യക്ക് ഒരു പുതിയ ഉത്പാദനസംസ്‌കാരം ഉണ്ടാക്കാം. ഇന്ത്യയെ കൂടുതല്‍ വികസനത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. എഴുത്തും രാഷ്ട്രീയവും താരതമ്യം ചെയ്തുനോക്കുമ്പോള്‍ എഴുത്താണ് ഒരുപടി മുന്നില്‍നില്‍ക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.