Connect with us

Malappuram

വിദ്യാര്‍ഥികളെ ആക്ഷേപിച്ച സംഭവത്തില്‍ പോലീസ് സൂപ്രണ്ടില്‍ നിന്ന് തെളിവെടുത്തു

Published

|

Last Updated

തിരൂര്‍: പാലക്കാട് നടന്ന 54-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളെ തീവ്രവാദികള്‍ എന്ന വിളിച്ചാക്ഷേപിച്ചെന്ന പരാതിയില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിചാരണ ചെയ്തു. ഇന്നലെ തിരൂര്‍ റെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലായിരുന്നു വിചാരണ. മേലില്‍ ഇതുപോലുള്ള പ്രയോഗങ്ങള്‍ പോലീസില്‍ നിന്നുണ്ടാവാതിരിക്കണമെന്നും ഇതിന് കീഴുദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കമ്മീഷന്‍ താക്കീതു നല്‍കി.
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വ്യക്തിക്ക് പ്രിന്‍സിപ്പാള്‍ പ്രമോഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ എച്ച് എസ് എസ് മാനേജറോട് കമ്മീഷന്‍ വിശദീകരണം തേടി. വയനാട് ജില്ലയിലെ വാരമ്പറ്റ ജി എച്ച് എസ് സ്‌കൂളില്‍ ഉറുദു, അറബിക് അധ്യാപകരെ നിയമിക്കാത്തതില്‍ കുട്ടികള്‍ക്ക് രണ്ട് ഭാഷകള്‍ പഠിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ കമ്മീഷന്‍ ഡി പി ഐയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ സ്ഥലത്തോടനുബന്ധിച്ചുള്ള തോടും വഴിയും കൈയേറി വഴി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പരാതിക്കാരന്റെയും എതിര്‍കക്ഷിയുടെയും സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്ലാനും റിപ്പോര്‍ട്ടും കമ്മീഷന് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
എ പി എല്‍ കാര്‍ഡുടമകളായ മലപ്പുറം ജില്ലയിലെ തീരപ്രദേശ മത്സ്യത്തൊഴിലാളികളായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ ബി പി എല്‍ ആക്കിക്കിട്ടണമെന്ന പരാതിയില്‍ കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സിറ്റിംഗില്‍ പരിഗണിച്ച ബാക്കിയുള്ള നാലു കേസുകള്‍ പരാതിക്കാരനും എതിര്‍കക്ഷിയും ഹാജരാവാത്തതിനാല്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, മെമ്പര്‍മാരായ അഡ്വ. വി വി ജോഷി, അഡ്വ. കെ പി മറിയുമ്മ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Latest