മെഡിക്കല്‍ കോളജില്‍ അധ്യാപക തസ്തിക വെട്ടിച്ചുരുക്കാന്‍ നീക്കം

Posted on: November 11, 2014 10:35 am | Last updated: November 11, 2014 at 10:35 am

kozhikode medical collegeകോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ നീക്കം. എം ബി ബി എസ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും നിലവില്‍ രണ്ട് പ്രൊഫസര്‍മാരുണ്ട്. ഇതില്‍ ഒരാള്‍ മതിയെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചതിലും കൂടുതല്‍ അധ്യാപകര്‍ കോഴിക്കോട്ട് ഉണ്ടെന്ന് കാണിച്ചാണ് ഡോക്ടര്‍മാരുടെ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതത്രെ. ഇത് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് അമ്പതോളം ഡോക്ടര്‍മാരെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയേക്കും.

മെഡിക്കല്‍ കോളജില്‍ നിലവില്‍ 250ഓളം എം ബി ബി എസ് വിദ്യാര്‍ഥികളാണുള്ളത്. എന്നാല്‍, മലബാറിലെ ആറ് ജില്ലകളിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ആതുരാലയം എന്ന നിലക്ക് ആയിരക്കണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ഡോക്ടര്‍മാരെ നിശ്ചയിക്കുമ്പോള്‍ രോഗികളുടെ ചികിത്സ വഴിമുട്ടും. കോഴിക്കോട്ടെ എം ബി ബി എസ് സീറ്റിന് ആനുപാതികമായി 500 കിടക്കകളുള്ള ഒരു മെഡിക്കല്‍ കോളജ് ആശുപത്രിയാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, 2500 ബെഡുകളും മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നതിലും അഞ്ചിരട്ടിയിലധികം രോഗികളുമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജിലുള്ളത്.
സ്ഥാപിതമായത് മുതലുള്ള ഡോക്ടര്‍മാരുടെ എണ്ണമാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോഴുമുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് പത്തിരട്ടിയാണ് വര്‍ധനവുണ്ടായത്. ഓരോ വര്‍ഷവും പുതിയ പാരാമെഡിക്കല്‍കോഴ്‌സുകള്‍ ആരംഭിക്കുന്നുമുണ്ട്.
രോഗികളുടെ എണ്ണം അടിക്കടി ഉയരുമ്പോള്‍ നിലവിലെ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്ന ആവശ്യമുയരുമ്പോഴാണ് വെട്ടിച്ചുരുക്കല്‍. വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് കാരണം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഓപറേഷനുകള്‍ സമയത്തിന് നടക്കാതെ രോഗികള്‍ പ്രയാസപ്പെടുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍ക്ക് പുറമെ, മറ്റ് ജീവനക്കാരുടെ കുറവും ആശുപത്രിയെ ബാധിക്കുന്നുണ്ട്. നഴ്‌സിംഗ് അസിസ്റ്റന്റുമാരും അറ്റന്റര്‍മാരും രണ്ട് വാര്‍ഡുകള്‍ക്ക് ഒന്ന് എന്ന രീതിയിലാണ് ഇപ്പോള്‍ ഇവിടെയുള്ളത്.