Connect with us

Kozhikode

മോഷ്ടിച്ച് കടത്തുകയായിരുന്ന കാര്‍ ചുരത്തില്‍ മറിഞ്ഞു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

Published

|

Last Updated

താമരശ്ശേരി: മോഷ്ടിച്ച് കടത്തുകയായിരുന്ന കാര്‍ താമരശ്ശേരി അമ്പായത്തോടിന് സമീപം തലകീഴായി മറിഞ്ഞു. കോഴിക്കോട് പാവങ്ങാട് നിന്ന് മോഷ്ടിച്ച കെ എല്‍ 58 ഇ 7685 നമ്പര്‍ ഷെവല്‍ലേറ്റ് ക്രൂസര്‍കാറാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അമ്പായത്തോട് അയിരൂര് എസ്‌റ്റേറ്റിന് സമീപം മറിഞ്ഞത്.
വയനാട് ഭാഗത്തേക്കുപോകുകയായിരുന്ന കാറ് റോഡരികലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഹൈടെന്‍ഷന്‍ ലൈന്‍ പോസ്റ്റ് ഉള്‍പ്പെടെ വന്‍ശബ്ദത്തോടെയാണ് നിലം പതിച്ചത്. സമീപവാസികളും യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കാറിലോ പരിസരത്തോ ആരും ഉണ്ടായിരുന്നില്ല. എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാവങ്ങാട്ടെ റിട്ട. ഉദ്യോഗസ്ഥന്‍ സലാമിന്റെ കാറാണിതെന്ന് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് വീട്ടുമുറ്റത്തുനിന്ന് കാറ് അപഹരിക്കപ്പെട്ടത്.
നടക്കാവ് സി ഐ. മൂസ വള്ളിക്കാടന്‍, എലത്തൂര്‍ എസ് ഐ. കെ പി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് താമരശ്ശേരിയിലെത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു. കാറിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റിരിക്കാമെന്ന നിഗമനത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

Latest