നികുതി നിഷേധ പ്രശ്‌നം: ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഒഴിഞ്ഞുമാറുന്നതായി ആരോപണം

Posted on: November 11, 2014 10:27 am | Last updated: November 11, 2014 at 10:27 am

പേരാമ്പ്ര: മലയോര കര്‍ഷകരുടെ ഭൂനികുതി നിഷേധ പ്രശ്‌നത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഒഴിഞ്ഞുമാറുന്നതായും തദ്ദേശ ഭരണ സാരഥിയുടെ നിലപാട് സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് തടസ്സമായെന്നും മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയും നികുതി നിഷേധത്തിനിരയായ കര്‍ഷകരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ട പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുന്നതിന് കരുക്കള്‍ നീക്കിയെന്നും ഇവര്‍ കുറ്റപ്പെടുത്തി. കൂരാച്ചുണ്ട് പഞ്ചായത്തിലെ 200ഓളം കര്‍ഷകരുടെ കൃഷിഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കുകയും ചെയ്തതാണ്. 737292012 നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നികുതി റദ്ദ് ചെയ്യണമെന്ന അപേക്ഷ വനം വകുപ്പ് സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ പോലും ജനപ്രതിനിധികള്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. നിരവധി പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ വില്ലേജുകളില്‍ വനം വകുപ്പുമായി തര്‍ക്കമുള്ള ഭൂമി 1977ന് മുമ്പ് കര്‍ഷകരുടെ കൈവശത്തിലുള്ളതാണെങ്കില്‍ നികുതി സ്വീകരിക്കണമെന്നാണ് പൊതുവെ ധാരണയായത്. കോഴിക്കോട് ജില്ലാ കലക്ടര്‍, വനം വകുപ്പ്, കര്‍ഷക ആക്ഷന്‍ കമ്മിറ്റി എന്നിവരോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സ്വീകരിക്കപ്പെട്ട നികുതി റദ്ദ് ചെയ്തിരിക്കയാണെന്നും, പാവപ്പെട്ട കര്‍ഷക സമൂഹത്തോട് കാണിക്കുന്ന ക്രൂരമായ അനീതിക്കെതിരെ 25 ന് പ്രതിഷേധ സൂചകമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ കര്‍ഷക കുടികിടപ്പ് സമരം നടത്താന്‍ തീരുമാനിച്ചതായും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ ഡി തോമസ്, സി അഹമ്മദ്, എ കെ കുട്ടികൃഷ്ണന്‍ നായര്‍, സന്തോഷ് കോനൂക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.