കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ബീഹാറും

Posted on: November 11, 2014 12:58 am | Last updated: November 11, 2014 at 10:01 am

mukkam orphanageകൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ചൂണ്ടിക്കാട്ടി ബീഹാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രക്ഷിതാക്കളുടെ അനുമതിയോടെയാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സൗജന്യ വിദ്യാഭ്യാസത്തിനായാണ് ഇവരെ കേരളത്തിലെത്തിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സൗജന്യ താമസസൗകര്യവും ഭക്ഷണവും ലഭിക്കുന്നതിനാലാണ് കുട്ടികളെ എത്തിച്ചതെന്നും ബീഹാര്‍ സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജഗ്ജിത് കൗര്‍ ഗായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. കേസ് സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജികളിലാണ് ബീഹാര്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ബീഹാറില്‍ നിന്ന് 112 കുട്ടികളെയാണ് കോഴിക്കോട്ടും പാലക്കാട്ടുമുള്ള അനാഥാലയങ്ങളില്‍ എത്തിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ ഈ സംഭവം കുട്ടിക്കടത്തായി കണക്കാക്കാനാകില്ല. സൗജന്യ വിദ്യാഭ്യാസത്തിനാണ് കുട്ടികളെ കൊണ്ടുപോയത്. സൗജന്യമായി ഭക്ഷണവും താമസസൗകര്യവും വിദ്യാഭ്യാസ ഉപകരണങ്ങളും ഇവര്‍ക്ക് നല്‍കുന്നു. ശിശുക്ഷേമ സമിതി കേരളത്തിലും ബീഹാറിലും അന്വേഷണം നടത്തി. അനാഥാലയ അധികൃതര്‍ മോശമായി പെരുമാറിയതായി കുട്ടികളാരും പരാതിപ്പെട്ടിട്ടില്ല. കേരളത്തില്‍ നിന്ന് ബീഹാറില്‍ തിരിച്ചെത്തിയ ഭൂരിഭാഗം കുട്ടികളും കേരളത്തില്‍ പഠിക്കുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചുപോയി പഠനം നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. അവധിക്കാലം കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചുപോയ കുട്ടികളെയാണ് റെയില്‍വേ പോലീസ് തടഞ്ഞുവെച്ചത്.
പാലക്കാട്ടേക്കുള്ള ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തിരുന്നത്. റെയില്‍വേ ടി ടി ഇ ടിക്കറ്റുകള്‍ പരിശോധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് ഇളവ് തേടിയിരുന്നു. ബീഹാറിലെ ബങ്ക, ഭഗര്‍പൂര്‍, മധേപുര ജില്ലകളിലെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട കുട്ടികളാണ് ഇവരെന്നും ബീഹാര്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീം കോടതിയുടെ ഉത്തരവ് ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സാവകാശം തേടി.