ആഴ്‌സനല്‍ അടിതെറ്റി വീണു

Posted on: November 11, 2014 12:54 am | Last updated: November 11, 2014 at 9:56 am

_78872792_gomisscores_epaവെയ്ല്‍സ് സ്‌പോര്‍ട്: പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്‌സനലിന്റെ രണ്ടാമത്തെ തോല്‍വിക്കാണ് ലിബര്‍ട്ടി സ്‌റ്റേഡിയം സാക്ഷിയായത്. കരുത്തരായ ആഴ്‌സനലിനെ സ്വാന്‍സി സിറ്റി അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുകയായിരുന്നു. സീസണില്‍ തിരിച്ചടികള്‍ അധികം നേരിടാതെ കരുത്തരായായിരുന്നു ആഴ്‌സനലിന്റെ കടന്നു വരവ്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ സ്വാന്‍സി സിറ്റി തങ്ങള്‍ മികച്ചൊരു പോരാളിയാണെന്ന് ആഴ്‌സനലിന് കാണിച്ച് കൊടുക്കുകയായിരുന്നു. കളി തുടങ്ങി ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരു ഭാഗത്തേയും ചുണക്കുട്ടികള്‍ മികച്ച രീതിയില്‍ തന്നെ പോരാടിയെങ്കിലും ഗോള്‍ വീഴ്ത്താനായില്ല. മികച്ച അറ്റാക്കിംഗിലൂടെ ആഴ്‌സനല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചപ്പോള്‍ മികച്ച പ്രതിരോധം തീര്‍ത്ത് സ്വാന്‍സി സിറ്റി തടുത്തു. ഗോളടിക്കാന്‍ ആഞ്ഞ് ശ്രമിക്കവെ ഇരുഭാഗത്ത് നിന്നും നിരവധി പരുക്കന്‍ അടവുകളും ഉണ്ടായി. പത്ത് മഞ്ഞക്കാര്‍ഡുകളാണ് റഫറിക്ക് കളിയില്‍ പുറത്തെടുക്കേണ്ടി വന്നത്.
രണ്ടാം പകുതിയില്‍ ഗോളടിച്ചേ അടങ്ങു എന്ന് ഉറപ്പിച്ചുകൊണ്ടാണ് ആഴ്‌സനല്‍ തുടങ്ങിയത്. അതിന്റെ ഫലം അറുപത്തിമൂന്നാം മിനുട്ടില്‍ ആഴ്‌സനലിനുണ്ടാവുകയും ചെയ്തു. അവസാന നാല് ലീഗ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയ അലക്‌സിസ് സാഞ്ചസ് ഗോള്‍ നേടി. ഒരു ഗോളിന്റെ നേട്ടത്തോടെ വിജയം കൈപ്പിടിയിലൊതുക്കാമെന്ന ആഴ്‌സനലിന്റെ മോഹത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഗില്‍ഫി സിഗേഡ്‌സണ്‍ ഫ്രീകിക്കിലൂടെ സമനില ഗോള്‍ നേടി. ഗോള്‍ നേടിയതോടെ സ്വാന്‍സി ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി എഴുപത്തിയേഴാം മിനുട്ടില്‍ ഗോമിസിലൂടെ സ്വാന്‍സി സിറ്റി വിജയ ഗോളും നേടി.