Connect with us

Kerala

എം വി രാഘവന്‍ ആരുടെ പക്ഷത്ത്? മരണാനന്തര ചടങ്ങിനിടെ അനുയായികള്‍ തമ്മില്‍ ഉന്തും തള്ളും

Published

|

Last Updated

കണ്ണൂര്‍: എം വി ആര്‍ ആരുടെ പക്ഷത്താണെന്നുള്ള സി എം പിയിലെ തര്‍ക്കം സ്ഥാപക നേതാവിന്റെ അന്ത്യയാത്രാചടങ്ങിലും മറയില്ലാതെ പുറത്തുകാട്ടി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ എം വി രാഘവനുള്ള ആദരാഞ്ജലി അര്‍പ്പണവേളയിലാണ് സി എം പിയിലെ കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗവും സി പി ജോണ്‍ വിഭാഗവും തമ്മിലുള്ള തര്‍ക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്.
ബര്‍ണശേരിയിലെ വീട്ടില്‍ നിന്നും മൃതദേഹം അരവിന്ദാക്ഷന്‍ പക്ഷത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ ഇ പി സ്മാരക മന്ദിരത്തില്‍ കൊണ്ടുപോയ ശേഷം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചപ്പോഴായിരുന്നു ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കവും ഉന്തും തള്ളുമുണ്ടായത്. ഇ പി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ഇവിടേക്ക് സി പി ജോണ്‍ വിഭാഗം നേതാക്കളോ പ്രവര്‍ത്തകരോ ആരും തന്നെ എത്തിയിരുന്നില്ല. പിന്നീട് മൃതദേഹം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചപ്പോഴാണ് ഇരുവിഭാഗം നേതാക്കള്‍ നേരിട്ട് വാക്കേറ്റം നടത്തിയത്.
വാഹനത്തില്‍ നിന്ന് ടൗണ്‍ സ്‌ക്വയറിലേക്ക് മൃതദേഹം എടുക്കാന്‍ ഇരുവിഭാഗം നേതാക്കളും ഒരുമിച്ച് ശ്രമിച്ചപ്പോഴായിരുന്നു സംഭവം. അരവിന്ദാക്ഷനും സി പി ജോണും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രവര്‍ത്തകരും ചേരിതിരിഞ്ഞു. 30 മിനുട്ടോളം മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനായില്ല.
ഇതോടെ പൊരിവെയിലത്ത് കാത്തു നിന്നവര്‍ കടുത്ത ദുരിതത്തിലുമായി. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ സുധാകരന്‍, പി ജയരാജന്‍ തുടങ്ങിയവരും പോലീസും ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് മൃതദേഹമിറക്കി.
എം വി രാഘവന്‍ ആരുടെ പക്ഷത്താണെന്നതില്‍ സി എം പിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശവാദമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. അവസാന നാളുകളില്‍ മറവിരോഗത്തിന്റെ പിടിയിലായിരുന്ന രാഘവന്‍ തന്റെ പിന്തുണ ആര്‍ക്കാണെന്നു വ്യക്തമാക്കിയിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹവുമായി കണ്ണൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴും ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. വാഹനത്തിലേക്കു കയറ്റാനായി മൃതദേഹം എടുക്കുന്നതിന് ഇരുവിഭാഗവും മത്സരിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.
എം വി ആറിന്റെ അവസാനകാലത്ത് സി എം പി പിളര്‍ന്നു രണ്ടായി ഇടതുവലതു ചേരികളിലായെങ്കിലും രണ്ട് കൂട്ടരും എം വി ആറിന്റെ രാഷ്ട്രീയ പിന്തുണ അവകാശപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ചോ കലഹങ്ങളെക്കുറിച്ചോ അറിയാനുള്ള ശാരീരിക-മാനസിക സ്ഥിതിയിലല്ലാത്തതിനാല്‍ പുതിയ സാഹചര്യങ്ങളിലെ എം വിആറിന്റെ രാഷ്ട്രീയ നിലപാട് ഒരിക്കലും പുറത്തു വന്നതുമില്ല.
സി എം പി രണ്ടായി മാറിയെങ്കിലും ഇരുവിഭാഗത്തിന്റെയും ജനറല്‍ സെക്രട്ടറി ഇപ്പോഴും എം വി ആറാണ്. സി പി ജോണും കെ ആര്‍ അരവിന്ദാക്ഷനും ഇരു വിഭാഗത്തിന്റെയും ആക്ടിംഗ് ജനറല്‍ സെക്രട്ടറിമാരും. സമ്മേളനം നടത്തി കരുത്തുകാട്ടാനും എം വി ആര്‍ തങ്ങള്‍ക്കൊപ്പമെന്നുറപ്പിക്കാനും ഇരുവിഭാഗവും കാത്തിരിക്കവെയാണ് ഒരു വിവാദങ്ങള്‍ക്കും ഇടം നല്‍കാതെ എം വി ആര്‍ യാത്രയായത്.

---- facebook comment plugin here -----

Latest