Connect with us

Wayanad

അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പോരായ്മകള്‍ പരിഹരിക്കണം: യുവജനതാദള്‍

Published

|

Last Updated

കല്‍പ്പറ്റ: കേരള-കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുവജനതാദള്‍ (എസ്) ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുത്തങ്ങ, തോല്‍പെട്ടി ആര്‍.ടി.ഒ, എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. രാത്രികാല ഗതാഗത നിരോധത്താല്‍ ഇവിടങ്ങളിലെത്തുന്ന യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ഇവര്‍ക്ക് വിശ്രമ കേന്ദ്രവും കുടിവെള്ളവും ടോയ്‌ലറ്റ് സംവിധാനവും ഏര്‍പ്പെടുത്തണം. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അയ്യപ്പന്‍മാര്‍ വരും. ഇവരെ ചെക്‌പോസ്റ്റുകളില്‍ കാത്തിരിക്കുന്നത് വന്‍ ദുരിതമാണ്. കര്‍ണാടക ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ പരിശോധനയുടെ പേരില്‍ ചെക്‌പോസ്റ്റുകളില്‍ ഏറെ നേരം തടഞ്ഞിടുകയാണ്. മണിക്കൂറുകള്‍ ഒരു സൗകര്യവുമില്ലാതെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ സംഘടന ഹൈകോടതിയെ സമീപിക്കുന്നുണ്ട്. സമരത്തിന്റെ ആദ്യഘട്ടമായി നവംബര്‍ 21ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നടപടിയില്ലെങ്കില്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കും. കലക്ടറേറ്റ് മാര്‍ച്ചില്‍ സംസ്ഥാന നേതാക്കളായ പി.എം ജോയി, സി.കെ ഗോപി, കെ.എസ് പ്രദീപ്കുമാര്‍, അഡ്വ. അരുണ്‍ ചാണ്ടി, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം.കെ മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യുവജനതാദള്‍-എസ് ജില്ലാ പ്രസിഡന്റ് ലെനിന്‍ സ്റ്റീഫന്‍, സംസ്ഥാന വൈ. പ്രസിഡന്റ് ഇ.സി ജിജോ, കെ വിശ്വനാഥന്‍, ടി.പി റഹീസ് എന്നിവര്‍ പങ്കെടുത്തു.